ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി
Friday, February 3, 2023 4:01 PM IST
പി.പി ചെറിയാൻ
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്യാഴാഴ്ച വോട്ട് ചെയ്തു. പാനലിൽ നിന്ന് ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനു അനുകൂലമായി 218 വോട്ട് ലഭിച്ചപ്പോൾ എതിർത്ത് 211 പേര് വോട്ട് ചെയ്തു.

യുഎസിനെയും ഇസ്രയേലിനെയും ഹമാസിനോടും താലിബാനോടും താരതമ്യപ്പെടുത്തിയ ഒമറിന്റെ അഭിപ്രായങ്ങൾ സഹ ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും വിമർശനത്തിന് ഇടയാക്കിയിരുന്നു. 2021 മുതൽ ഒമറിനും മറ്റ് ഡമോക്രാറ്റുകൾക്കും എതിരെ നടപടിയെടുക്കുമെന്ന് റിപ്പബ്ലിക്കൻമാർ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ മാസം സ്പീക്കറായതിന് ശേഷം മക്കാർത്തി രണ്ട് അംഗങ്ങളെ കമ്മിറ്റി സ്ഥാനങ്ങളിലേക്ക് പുനഃസ്ഥാപിച്ചു. ഡെമോക്രാറ്റുകൾ ഈ നീക്കത്തെ രാഷ്ട്രീയ പ്രേരിതമെന്ന് അപലപിക്കുകയും ചെയ്തു.

ഒമറിന് പ്രവർത്തിക്കാൻ കഴിയുന്ന നിരവധി കമ്മിറ്റികൾ ഉണ്ടെന്ന് സ്പീക്കർ ബുധനാഴ്ച പറഞ്ഞു എന്നാൽ വിദേശകാര്യ സമിതി അവയിലൊന്നല്ല. കമ്മിറ്റിയിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള മക്കാർത്തിയുടെ ശ്രമത്തെ രാഷ്ട്രീയ പ്രേരിതമാണെന്ന് ഒമർ വിമർശിച്ചു.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിനിടെ, "എന്നെ വെറുക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ' എന്നെഴുതിയ ബ്രേസ്‌ലെറ്റ് ധരിച്ച് ഒമർ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു. ഹൗസ് ബജറ്റ് കമ്മിറ്റിയില്‍ ഒമറിനെ നിയമിക്കുമെന്ന് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് പറഞ്ഞു. ഒമറിനെ നീക്കം ചെയ്യുന്നതിന് ഫുൾ ഹൗസിന്റെ വോട്ട് ആവശ്യമാണ്.