മാർ ജോയി ആലപ്പാട്ട്: കര്‍മ്മനിരതമായ വിശ്വാസവും ഭക്തിയും നിറഞ്ഞ ആത്മീയ പിതാവ്
Sunday, September 25, 2022 3:17 PM IST
ജോർജ് ജോസഫ്
ഷിക്കാഗോ: രണ്ടു ബിഷപ്പുമാരും ഒട്ടേറെ വൈദീകരും, കന്യാസ്‌ത്രീകളും ആലപ്പാട്ട്‌ കുടുംബത്തില്‍ നിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ഈ കുടുംബ പശ്ചാത്തലം തന്നെ ആയിരിക്കാം ഷിക്കാഗോ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഒക്ടോബർ ഒന്നിന് സ്ഥാനാരോഹണം ചെയ്യുന്ന മാർ ജോയി ആലപ്പാട്ട് പിതാവിനെ ദൈവവിളി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. തൃശൂര്‍ കാട്ടൂരിലെ മൂലകുടുംബത്തില്‍ നിന്ന്‌ പറപ്പൂക്കര വന്ന്‌ മുന്‍ഗാമികള്‍ താമസമാക്കിയതാണ്‌. പള്ളിയോട്‌ അടുത്തായിരുന്നു വീട്‌. അതിനാല്‍ പള്ളിയുമായി കൂടുതല്‍ ബന്ധപ്പെട്ട്‌ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കാനായി. എന്തുകൊണ്ടാണ്‌ വൈദീകനായത്‌ എന്ന്‌ കൃത്യമായി പറയാന്‍ ഒരു കാര്യമില്ല. ഇവയെല്ലാം സ്വാധീനിച്ചു, ദൈവം അതിനു വഴിയൊരുക്കി.

ഷിക്കാഗോ രൂപതയുടെ സഹായ മെത്രാനായി എട്ടു വർഷം പ്രവർത്തിച്ചുവെങ്കിലും ബന്‍സെന്ന എന്ന രൂപതയുടെ ബിഷപ്പായാണ്‌ മാര്‍പാപ്പ നിയമിച്ചത്‌. ടൂണീഷ്യയില്‍ പണ്ടെങ്ങോ ഉണ്ടായിരുന്ന രൂപതയാണത്‌. ഇപ്പോഴില്ല. ഈ രൂപതയുടെ പേരില്‍ മുമ്പ്‌ ബിഷപ്പുമാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വേറെ ആരുമില്ല.

തന്‍റെ പേരുകാരനായ വിശുദ്ധ ജോണ്‍ നെപ്പോമുസിന്‍ ചെക്ക്‌ റിപ്പബ്ലിക്കിലെ വൈദീകനായിരുന്നു. കുമ്പസാര രഹസ്യത്തിന്റെ പേരില്‍ അദ്ദേഹം രക്‌സാക്ഷിത്വം വഹിക്കുകയായിരുന്നു. കേരളത്തില്‍ ചരുക്കം പള്ളികള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ളത്‌.

കേരളത്തില്‍ മതഭിന്നതകളില്ലാത്ത നല്ല കാലത്താണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. ജാതിമത ചിന്തകളൊന്നും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. തൃശൂര്‍ പൂരം കാണാന്‍ പോയത്‌ എല്ലാവരും പങ്കെടുക്കുന്ന ആഘോഷമെന്ന നിലയിലാണ്‌.ക്രൈസ്തവർ നടത്തുന്ന വിദ്യാലയങ്ങളിലും ആശുപത്രികളിലുമൊക്കേ മറ്റു മതസ്ഥരാണ്‌ കൂടുതല്‍ വരുന്നത്‌. അവിടെയൊന്നും ഭിന്നതയ്‌ക്ക്‌ പ്രസക്തിയില്ല.

സഭകള്‍ തമ്മില്‍ കൂടുതല്‍ യോജിച്ച്‌ മുന്നോട്ടു പോകണമെന്നതില്‍ അദ്ദേഹത്തിന്‌ സംശയമൊന്നുമില്ല. ചിക്കാഗോയില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായി. ന്യുജെഴ്‌സിയിലായിരുന്നപ്പോഴും എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.

സഭാ വിശ്വാസികളുടേയും പൊതു സമൂഹത്തിന്റേയും സമഗ്ര വളര്‍ച്ചയ്‌ക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവരാകണം ബിഷപ്പുമാര്‍ എന്ന്‌ മാര്‍ ജോയി ആലപ്പാട്ട്‌ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ മുന്നിട്ടിറങ്ങുമ്പോള്‍ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും ഉണ്ടാകാം.

സഭാ മക്കളെ വിമര്‍ശിച്ച്‌ പുറംതള്ളാതെ ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരേയും ഒരുമിച്ച്‌ നിര്‍ത്തി ഒറ്റക്കെട്ടായി അത്മായ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ട വലിയ ഉത്തരവാദിത്വം തന്റെ അജപാലനത്തിന്റെ ഒരു കാതലായ ഭാഗമെന്നു മനസിലാക്കുന്ന സര്‍വ്വഗ്രാഹിയാണ്‌ മാര്‍ ജോയി ആലപ്പാട്ട്‌. സഹവര്‍ത്തിത്വത്തിന്‍റെ മനോഭാവം വളര്‍ത്തണം. ഒരു മേല്‍പ്പട്ടക്കാരനെന്ന നിലയില്‍ എത്തിപ്പെടാവുന്നിടത്തെല്ലാം എത്തുകയും, ചെയ്യാവുന്ന ശുശ്രൂഷകളെല്ലാം ചെയ്യുക എന്നതിലാണ്‌ താന്‍ ഊന്നല്‍ കൊടുക്കുന്നത്‌.

പിന്നിട്ട വഴിത്താരകളെപ്പറ്റിയും ഷിക്കാഗോ രൂപതയുടെ ഭാവി പ്രതീക്ഷകളെപ്പറ്റിയും വ്യക്തിപരമായ നിലപാടുകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ചോദ്യം: ബിഷപ്പ് സ്ഥാനാരോഹണം വൈകിപ്പോയോ?
കോവിഡ് പശ്ചാത്തലത്തിൽ കുറച്ചു വൈകി.

ചോദ്യം: പിതാവ് തന്നെയാണ് ബിഷപ്പാകുക എന്നതിൽ സന്ദേഹം ഒന്നും ഉണ്ടായിരുന്നില്ലേ?

സ്വാഭാവികമായിട്ടും അങ്ങനെയാണ് പ്രതീക്ഷിക്കുക. മറിച്ചും വന്നിട്ടുള്ള സന്ദർഭങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.
സിനഡ് ആണ് ഇതെല്ലാം തീരുമാനിക്കുന്നത്. സിനഡ് തീരുമാനിച്ചു റോമിലേക്ക് അറിയിക്കണം.
അവസാന തീരുമാനം റോമിൽ നിന്ന് എടുക്കുന്നു. റോമാണ് നിയമിക്കുക

ചോദ്യം: പിതാവ് അമേരിക്കയിൽ വന്നിട്ട് എത്ര വർഷം ആയി ?
ഞാൻ 28 വർഷമായി വന്നിട്ട് . 1994-ൽ ആണ് വന്നത്

ചോദ്യം: വരാനുണ്ടായ കാരണമെന്തായിരുന്നു ?

ന്യൂയോർക്ക് ആർച്ച് ഡയോസിസ് ആവശ്യപ്പെട്ടു. ന്യുയോർക്ക് സിറ്റിയിൽ ഞാൻ വരാൻ ഇടയായത് ഒരു പ്രത്യേക സാഹചര്യത്തിൽ. ഒരാൾ വിസ എടുത്തു തന്നു . ആ വിസയിൽ ഞാൻ ഇവിടെ വന്നപ്പോൾ പള്ളിയിൽ ഒരച്ചന്‍റെ ആവശ്യകത ഉണ്ടായിരുന്നു. റോക്ക് ലാൻഡിലെ ഗാർനർവില്ലിലെ പള്ളിയിൽ പ്രവർത്തിച്ചു. പിന്നെ വിസ കഴിഞ്ഞു മടങ്ങുമ്പോൾ അവർ എന്നോട് തിരിച്ചു വരണം എന്നാവശ്യപ്പെട്ടു. അതിൻറെ അടിസ്ഥാനത്തിൽ നാട്ടിൽ പോയി ബിഷപ്പിനോട് ആലോചിച്ചു തിരിച്ചുവന്നു. അപ്പോൾ അവരെന്നെ സ്റ്റാറ്റൻ ഐലൻഡിലെ പള്ളിയിൽ നിയമിച്ചു

ചോദ്യം: പിതാവ് ഇരിങ്ങാലക്കുട രൂപതാംഗമാണോ തൃശൂർ രൂപതാംഗമാണോ?

സെമിനാരിയിൽ ചേരുമ്പോൾ തൃശൂർ രൂപയായിരുന്നു. അഭിഭക്ത തൃശ്ശൂർ രൂപത. 72 ലായിരുന്നു അത്. 78 ലാണ് ഇരിങ്ങാലക്കുട രൂപത രൂപം കൊള്ളുന്നത്. അപ്പോൾ സെമിനാരിയിൽ പഠിക്കുകയായിരുന്നു. പുതുതായി ഉണ്ടായ രൂപത എന്റെ ഇടവകയുടെ അതിർത്തിയാണ്. അപ്പോൾ ഇരിങ്ങാലക്കുട രൂപതയിൽ ആയി.

ചോദ്യം: അമേരിക്കയിൽ വരുമ്പോഴുള്ള പ്രതീക്ഷകൾ എന്തൊക്കെ ആയിരുന്നു?

ഇവിടെ വന്നപ്പോൾ ഇവിടുത്തെ മലയാളികളുടെ , പ്രത്യേകിച്ച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ അവസ്ഥ മനസ്സിലായി. അവരെ ഒരു സഭാ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയണമെന്നു തോന്നി. അന്നിവിടെ നമുക്കു സംവിധാനങ്ങൾ ഒന്നുമില്ല .ആ കാലത്തും ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ചു. ക്രമേണ ന്യൂജേഴ്സിയിലെ ന്യൂ മിൽഫോർഡ് പള്ളിയിൽ ഞാൻ മലയാളം കുർബാന ചൊല്ലാൻ തുടങ്ങി.

അവിടെയുള്ള മലയാളികൾ അവിടുത്തെ ബിഷപ്പിനോട് പറഞ്ഞ് എന്നെ ആ പള്ളിയിൽ തന്നെ നിയമിച്ചു. അങ്ങനെ ന്യൂയോർക്കിൽനിന്ന് ന്യു ജേഴ്സിയിലേക്ക് മാറി. അവിടെ പള്ളിയിൽ അസോസിയേറ്റ് ആയി. നമ്മുടെ ആൾക്കാർക്ക് വേണ്ടിയും സേവനം ചെയ്തു കൊണ്ട് മുന്നോട്ടു പോയി.

പിന്നെ ക്ലിനിക്കൽ പാസ്റ്റർ എഡുക്കേഷൻ സർട്ടിഫിക്കറ്റ് പാസായപ്പോൾ വാഷിംഗ്ടണിലെ ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി എന്നെ ക്ഷണിച്ചു . അങ്ങനെ അവിടെപോയി വാഷിംഗ്ടൺ ഡിസിയിൽ മൂന്നുകൊല്ലം പ്രവർത്തിച്ചു

ചോദ്യം: ചുരുക്കത്തിൽ പിതാവിന് അമേരിക്കയിൽ നോർത്തീസ്റ്റ് ചിരപരിചിതം ആയിരിക്കും അല്ലേ ?

തീർച്ചയായും. നോർത്ത്ഈസ്റ്റ് എപ്പോഴും എന്‍റെ ഹോം ടൗൺ പോലെയാണ്. ഏറ്റവും അധികം ഞാൻ പ്രവർത്തിച്ചിട്ടുള്ളതും എൻറെ വണ്ടിയുടെ ചക്രം ഏറ്റവും അധികം ഉരുണ്ടിട്ടുള്ളതും നോർത്തീസ്റ്റ് ഭാഗങ്ങളിലാണ്

ചോദ്യം: നമ്മുടെ കമ്മ്യൂണിറ്റി ഏറ്റവും കൂടുതൽ ഉള്ളത് ഏത് ഭാഗത്താണ് ?

നോർത്ത് ഈസ്റ് ഏരിയയിലാണ് ഏറ്റവും കൂടുതൽ .ന്യുയോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിൽ എന്ന് പറയാം. പല പള്ളികൾ ആയി ഭാഗിക്കപ്പെട്ട് കിടക്കുകയാണ്. ബ്രോങ്ക്സിൽ ഉണ്ട്, റോക്ക് ലാൻഡിൽ ഉണ്ട് പാറ്റെൺസണിൽ ഉണ്ട്, സോമര്സെറ്റിൽ ഉണ്ട്. ലോംഗ് ഐലൻഡിൽ ഉണ്ട്, സ്റ്റാറ്റൻ ഐലൻഡിൽ ഉണ്ട് -ഇങ്ങനെ എല്ലാ ഭാഗത്തും. എട്ടൊമ്പത് പള്ളികൾ എങ്കിലും നമുക്ക് അവിടെയുണ്ട് . ഓരോ പള്ളികൾ നോക്കുകയാണെങ്കിൽ അത്ര അധികം ഇല്ലെങ്കിലും മൊത്തം നോക്കുമ്പോൾ ട്രൈസ്റ്റേറ്റ് ഏരിയയിൽ ആണ് ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ളത്

ചോദ്യം: രൂപതയോട് ഇപ്പൊൾ കാര്യമായി എതിർപ്പ് ഏതെങ്കിലും ഭാഗത്തു നിന്ന് ഉണ്ടോ ?

ആരും തന്നെ എതിർക്കുന്നില്ല. എതിർക്കേണ്ട ആവശ്യമില്ല. കാരണം അവർക്കും സഭാ സംവിധാനത്തിന്റെ ഗുണങ്ങൾ മനസ്സിലായി തുടങ്ങി. നമുക്ക് അൻപതിലധികം പള്ളികൾ ഉണ്ട്. പതിനായിരത്തിലധികം കുട്ടികൾ വേദപാഠം പഠിക്കുന്നു. പല സംഘടനകളുണ്ട്, പലതരം ശുശ്രൂഷകൾ ഉണ്ട് അതുമായി ബന്ധപ്പെട്ട ഒത്തിരി പ്രവർത്തനം പള്ളി കേന്ദ്രീകൃതമായി നടക്കുന്നു. ആരും എതിർക്കുന്നില്ലെങ്കിലും സഹകരണം കുറേക്കൂടി ആകാം എന്നൊരു തോന്നലുണ്ട്.

ചോദ്യം: സഹകരിക്കാത്തത് ഒന്നാം തലമുറ ആണോ അതോ പുതിയ തലമുറയാണോ?

ഇവിടെ പുതിയ തലമുറക്കുള്ള ഓറിയന്റേഷനിൽ ചില മാറ്റങ്ങൾ ആവശ്യമുണ്ട്. കമ്മ്യൂണിറ്റികൾ നമുക്ക് ഉണ്ടാക്കാൻ കഴിഞ്ഞു. നാഷണൽ നെറ്റ്‌വർക്ക് നമുക്ക് വന്നിട്ടുണ്ട്. അതിന്റെ ബെനിഫിറ്റ് എടുക്കാൻ അറിയുന്നവരും അറിയാത്തവരും ഉണ്ട്. അതിന് പല കാരണങ്ങളുണ്ട്. ചിലർക്ക് ഈഗോ പ്രശ്നങ്ങൾ ഉണ്ട്. വേറെ ചിലർ പള്ളിയിൽ നിന്ന് വളരെ ദൂരെ താമസിക്കുന്നവരാണ്. ചിലരാണെൽ ഇംഗ്ലീഷ് പള്ളികളിൽ വളരെ അറ്റാച്ച്ഡ് ആയി പോയിട്ടുണ്ടാവും

പിന്നെ ചരുക്കം ചിലർക്ക് മലയാളിയെ കണ്ടു കൂടാത്ത സ്ഥിതിയുണ്ട്. അങ്ങനെ ചിലർ മാറിനിൽക്കുന്നു. എങ്കിലും മൊത്തത്തിൽ നമ്മൾ ഒരു സ്ട്രോങ്ങ് കമ്മ്യൂണിറ്റി ആണ്. രൂപത വന്നശേഷം വിശ്വാസത്തിലും കുടുംബ ബന്ധത്തിലും കുട്ടികളുടെ വളർച്ചയിലും ക്വാളിറ്റി കൊണ്ടുവരാൻ പറ്റിയിട്ടുണ്ട്.

ചോദ്യം: ആത്മീയതയുടെ കാര്യത്തിൽ നാടുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ സ്ഥിതി എന്താണ്?

സത്യം പറഞ്ഞാൽ നാട്ടിലേക്കാൾ കൺസർവേറ്റീവ് ആണ് ഇവിടത്തെ വിശ്വാസികൾ. നാട്ടിൽ അവർ കണ്ടു വന്നിട്ടുള്ളത് അതേപടി നിലനിർത്തണമെന്നു ആഗ്രഹിക്കുന്നവരാണ്. നാട്ടിൽ ഇല്ലാത്ത പല ആചാരങ്ങളും അമേരിക്കയിൽ ഇപ്പോഴും അവർ തുടരുന്നുണ്ട് . എനിക്ക് തോന്നുന്നത് ഭാവിയിൽ ഏറെ വളരാൻ പോകുന്ന സഭ ഇന്ത്യക്ക് പുറത്തായിരിക്കും

ചോദ്യം: വ്യക്തി ജീവിതത്തിലും ഈ ആത്മീയത വിശ്വാസികൾ പാലിക്കുന്നുണ്ടോ? സത്യസന്ധത, വിശ്വാസം ഒക്കെ ചേർന്ന ക്രൈസ്തവ മൂല്യങ്ങൾ അടിസ്ഥാനമാക്കി തന്നെയാണോ ആളുകളുടെ പെരുമാറ്റവും ജീവിതവും?

അമേരിക്കയിൽ നമ്മൾ കൊണ്ടുവന്ന സംസ്കാരം അല്ലാതെ തന്നെ ഇവിടുത്തെ രീതിയിൽ തന്നെ നല്ല മൂല്യങ്ങളുണ്ട് .നമ്മളെക്കാൾ കൂടുതൽ അവ ഇവിടെ പാലിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇവിടെ ആരും ടാക്സ് കൊടുക്കാതിരിക്കുന്നില്ല. നാട്ടിൽ ടാക്സ് കൊടുക്കുന്നത് ഒഴിവാക്കാനാണ് നോക്കുക. അത് പോലെ പള്ളിക്ക് പൈസ കൊടുക്കൽ ഒക്കെ നാട്ടിൽ വളരെ കുറവാണ്. ഇവിടെ പള്ളിക്ക് പൈസ കൊടുത്താൽ മാത്രമേ മുന്നോട്ടു പോകു.

ഇവിടുത്തെ നിയമം മൂല്യവത്തായി ജീവിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് .നാട്ടിലെ കുറെ സ്വഭാവങ്ങൾ ഒക്കെ നമ്മളിൽ ഉണ്ടെങ്കിലും അമേരിക്കൻ സിസ്റ്റത്തോട് ചേർന്നു കൊണ്ടാണ് നമ്മൾ പോകുന്നത്. എങ്കിലും സ്പിരിച്വൽ അടിത്തറ കുറെകൂടി ശരിയാകാൻ ഉണ്ട്

ചോദ്യം: പുതിയ തലമുറയെ പറ്റി പിതാവിന്‍റെ കാഴ്ചപ്പാട് എന്താണ് ?

പുതിയ തലമുറയിൽ രണ്ടു വിഭാഗം ഉണ്ട്. ഒന്ന്, ഇവിടത്തെ സംസ്കാരവുമായി ഇണങ്ങിച്ചേർന്നവർ. സെക്കുലർ സംസ്കാരത്തിലേക്ക് പോയവർ. അതേസമയം വേറൊരു കൂട്ടർ നമ്മുടെ പാരമ്പര്യവും നമ്മുടെ മാമൂലുകളും നിലനിർത്തണമെന്നും സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിച്ചു സഭാ സംവിധാനങ്ങളെ അനുസരിച്ച് വിശ്വാസത്തെ മുറുകെ പിടിക്കുകയും ചെയ്യുന്നു

അതിന്‍റെ ഫലമെന്നോണം ഇപ്പോൾ നമ്മുടെ വിവാഹങ്ങളുടെ എണ്ണം കൂടി. പണ്ട് ഇത്രയധികം കല്യാണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല . ഒന്നാമത്തെ കാരണം അവർക്ക് അതിനുള്ള പാർട്ട്ണറെ കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോൾ അതിനുള്ള സൗകര്യങ്ങൾ കൂടുതൽ വന്നതുകൊണ്ട് കല്യാണങ്ങൾ ഒക്കെ കൂടുതൽ നടക്കുന്നു

ചോദ്യം: സഹായമെത്രാൻ എന്ന നിലയ്ക്ക് പിതാവിന്‍റെ പ്രവർത്തനങ്ങൾ ?

ഞാൻ അങ്ങാടിയത്ത് പിതാവിനെ സഹായിക്കുകയായിരുന്നു അഡ്മിനിസ്ട്രേഷനിലും പാസ്റ്ററൽ കാര്യങ്ങളിലും മറ്റും. അതിനായി എൻറെ എനർജിയും എൻറെ കഴിവും ഞാൻ ഉപയോഗിച്ചു. ഇവിടുത്തെ പ്രത്യേകത എത്ര മാത്രം നമ്മൾ ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നുവോ അത്രയെ സഭ വളരുകയുള്ളൂ. ബന്ധങ്ങൾ സൂക്ഷിക്കുക എന്നതായിരുന്നു എൻറെ ലക്ഷ്യം. അകലങ്ങളിൽ കിടക്കുന്ന ഇടവകകളും ജനങ്ങളും ആയും അകലം കുറയ്ക്കുക. അവിടങ്ങളിൽ ചെന്ന് അവരെയൊക്കെ കാണുക. അങ്ങനെ ബന്ധം നിലനിർത്താൻ ഞാൻ ശ്രമിച്ചിച്ചിട്ടുണ്ട്

ചോദ്യം: രൂപത രണ്ട് ആക്കുന്നതിനുള്ള സാധ്യതയുണ്ടോ ?

സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതിനുള്ള പക്വത വന്നോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. അനുകൂല സാഹചര്യങ്ങൾ ഒക്കെ ഉണ്ട്. നമ്മെ പോലെ ഉള്ള സഭകൾക്ക് ഒന്നോ രണ്ടോ രൂപത ഒക്കെ ആയിട്ടുണ്ട്.
ആവാതിരിക്കാന് കാര്യം ഒന്നുമില്ല. പക്ഷേ അതിനു അതിന്‍റേതായ സമയമുണ്ട്.

ചോദ്യം: പിതാവ് മെത്രാൻ ആകുമ്പോൾ നമുക്ക് ഒരു സഹായമെത്രാനെ പ്രതീക്ഷിക്കാമല്ലോ. അത് ക്നാനായ കമ്യൂണിറ്റിയിൽ നിന്ന് ആയിരിക്കാൻ സാധ്യതയുണ്ടോ?

ഞാൻ ഇപ്പോൾ അതിനെപ്പറ്റി പറഞ്ഞാൽ അങ്ങനെ സംഭവിക്കാതെ പോയാൽ അത് എൻറെ മേലുള്ള ഒരപരാധമാകും. അതിനാൽ അങ്ങനെ ഞാൻ പറയുന്നില്ല. സഹായമെത്രാനെ ആവശ്യമുണ്ട്. അത് ക്നാനായ കമ്മ്യൂണിറ്റിയിൽ നിന്നാണ് വരുന്നത് എങ്കിൽ നല്ലത് . സിനഡും റോമും ആണ് തീരുമാനിക്കുന്നത്.

ചോദ്യം: സഹായമെത്രാൻ വരുന്നതിനു ഒരുപാട് കാലം എടുക്കുമോ?
ഒരുപാട് നീണ്ടു പോകേണ്ട കാര്യമില്ല. സിനഡ് നിർദ്ദേശിക്കണം

ചോദ്യം: രൂപതാധ്യക്ഷൻ ഒക്കെ ആകുമ്പോൾ ജോലിഭാരം വളരെ കൂടുതലാണോ?

സഭയിൽ കുറെ കാര്യങ്ങൾ പ്രധാനമായിട്ടും കൂട്ടുത്തരവാദിത്വം ആണല്ലോ. ബിഷപ്പിന്റെ ഉത്തരവാദിത്വം എന്നുപറഞ്ഞാൽ ഡിസിഷൻ മേക്കിങ് ആണ്. മിനിസ്ട്രികളിൽ പലതും ചെയ്യുന്നത് ഓരോ അച്ചന്മാരും ഓരോ വിഭാഗങ്ങളിൽ പെട്ടവരും ആണല്ലോ.

നല്ല നിലയിൽ യുവജന പ്രവർത്തനം നടക്കുന്നു. ഡി.വൈ.എ പല സോണുകളായി തിരിച്ച് ഓരോ കാര്യങ്ങളിലും ഫോക്കസ് ചെയ്യുന്നു.

ഈയിടെ ആറു സോണുകകളിൽ അവരുടെ കൂട്ടായ്മ നടന്നു. 200 - 250 ഓളം പേർ വീതം ഓരോ സോണിലും പങ്കെടുത്തിട്ടുണ്ട്. അത്രയും പേർ പങ്കെടുക്കുമ്പോൾ അതൊരു നല്ല ചലനം ഉണ്ടാക്കുമല്ലോ. ഏറ്റവും ആവശ്യമായിട്ടുള്ളത് പുതുതലമുറ തമ്മിലുള്ള ബന്ധങ്ങളാണ്. അവർ തമ്മിലുള്ള അടുപ്പം വരിക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപാട് സ്ഥലങ്ങളിൽ ഉള്ളവർ തമ്മിൽ അടുപ്പം വരുമ്പോൾ അതൊരു സീരിയസ് റിലേഷൻ ആയി മാറും. അത് പിന്നീട് ഫാമിലി അല്ലെങ്കിൽ മാരേജ് റിലേഷൻഷിപ്പ്ലേക്ക് എത്താൻ സാധ്യതയുണ്ട്.

ചോദ്യം: ഇവിടെ യുവതലമുറയിൽ ഒത്തിരിപ്പേർ വിവാഹം കഴിക്കാതെ നിൽക്കുന്നു എന്നത് പിതാവ് ശ്രദ്ധിച്ചിട്ടുണ്ടോ?

അത് നമുക്ക് എപ്പോഴും വലിയ ചലഞ്ച് ആണ്. അതിനു പല കാരണങ്ങൾ ഉണ്ട്. ചിലർ പറയുന്നത് ഇഷ്ടപ്പെട്ട ഒരു പാർട്ണറേ കണ്ടു കിട്ടുന്നില്ല. ചിലർക്ക് ഒരു ഭയമുണ്ട്. വിവാഹ ജീവിതം വളരെ റിസ്കാണ് എന്നവർ കരുതുന്നു. വിവാഹജീവിതത്തിനു കമ്മിറ്റ്മെൻറ് വേണം. അതിനായുള്ള മടി പലർക്കുമുണ്ട്. മാതാപിതാക്കളുടെ വിവാഹ പരാജയങ്ങൾ കണ്ടിട്ട് പേടിച്ചു നിൽക്കുന്നു ചിലർ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും എന്നു പറഞ്ഞപോലെ. പല വിവാഹബന്ധങ്ങൾ ശിഥിലമായത് കണ്ടിട്ട് അവർ ആ ട്രോമയിൽ വിവാഹം വേണ്ടെന്നു വെക്കുന്നവരുണ്ട്.

ചിലർ ജോലിയോടുള്ള സ്നേഹംകൊണ്ട് വിവാഹം ഒഴിവാക്കുന്നു. അവരുടെ പാഷൻ പലപ്പോഴും ജോലിയോ അതുപോലെ പ്രൊഫഷൻ ആയിട്ട് ബന്ധപ്പെട്ട എന്തെങ്കിലുമോ ആയിരിക്കും. മറ്റൊരു പാർട്ണറിൽ അല്ല. ചുരുക്കത്തിൽ ഈ സ്ഥിതിവിശേഷത്തിനു ഐഡിയോളജിക്കൽ ആയിട്ടും സോഷ്യോളജിക്കൽ ആയിട്ടുമുള്ള അടിസ്ഥാനമുണ്ട്.

സഭാ സംവിധാനം വന്നശേഷം ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി നന്മ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
വേദപാഠ ക്ലാസിലൂടെയും പള്ളി പ്രസംഗങ്ങളിലൂടെയും നേരിട്ടും അവരുമായി ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്. ഫാമിലി വാല്യൂവിനെക്കുറിച്ച് കുറേക്കൂടി അവരോട് സംസാരിക്കാനും അറിയാനും ഒക്കെ സാധിക്കുന്നുണ്ട്. ഫാമിലി അപ്പോസ്തലേറ്റ് നല്ല ഫലം ചെയ്യുന്നു.

ചോദ്യം: സ്ഥാനാരോഹണ ചടങ്ങിൽ പിതാവിൻറെ വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോ ?
ചേട്ടനും ചേച്ചിയും എൻറെ ഒരു പെങ്ങളും വരുന്നു. പെങ്ങൾ ഇറ്റലിയിൽ കന്യാസ്ത്രീയാണ്.

ചോദ്യം: ഇപ്പോൾ നാട്ടിൽ ആരൊക്കെയുണ്ട് ?

അപ്പനും അമ്മയും മരിച്ചു. ഒരു ചേട്ടനും അനിയനും രണ്ടു പെങ്ങമ്മാരും ഉണ്ട്. ഒരു പെങ്ങൾ കല്യാണം കഴിഞ്ഞ്കുട്ടികൾ ഒക്കെ ആയിട്ട് കഴിയുന്നു. അനിയൻ മിലിട്ടറിയിൽ കേണൽ ആണ്. ഇപ്പോൾ മധ്യപ്രദേശിൽ. അവന്‍റെ ഭാര്യയും കുട്ടികളും നാട്ടിലുണ്ട്. ചേട്ടൻ നാട്ടിൽ ഉണ്ട്. ചേട്ടൻറെ മകൾ ഇവിടെ ചിക്കാഗോയിൽ ഉണ്ട്. സ്ഥാനാരോഹണ ചടങ്ങിന് വരുമ്പോൾ മകളുടെ കൂടെ രണ്ടു മൂന്ന് മാസം താമസിച്ചേ തിരിച്ചു പോവുകയുള്ളൂ .

ചോദ്യം: നാടും ആയി പിതാവിന്‍റെ ബന്ധമെന്താണ്?

നാടുമായി വളരെ നല്ല ബന്ധത്തിലാണ്. ഏതാനും ആഴ്ച മുൻപ് നാട്ടിലായിരുന്നു. അവിടെ നല്ല സ്വീകരണം ലഭിച്ചു. ആലപ്പാട്ട് ഫാമിലി ട്രസ്റ്റ് സ്വീകരണം തന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പും സ്വീകരണം നൽകി . കല്യാണങ്ങൾക്കും വീട് വെഞ്ചിരിപ്പ്നും ഒക്കെ വിളിക്കാറുണ്ട്. ഞാൻ പോകാറുമുണ്ട്. അമേരിക്കയിലെ അനുഭവങ്ങളൊക്കെ അവരോട് പങ്കുവെക്കും

ഇടവകയിലെ പലരും അമേരിക്കയിലുണ്ട്. അവരുടെ കുടുംബങ്ങളും ആയി ഞാൻ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. നാട്ടിലുള്ള അവരുടെ കുടുംബത്തിൽ പോവുകയും പ്രായമായ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരെയും രോഗികളെയും ഒക്കെ സന്ദർശിക്കുകയും ചെയ്യാറുണ്ട്

ചോദ്യം: പിതാവിന്‍റെ ഇടവക ഏതാണ് ?

ഇരിങ്ങാലക്കുട രൂപതയിൽ തൃശ്ശൂർ ജില്ലയിലെ പറപ്പൂക്കര ഗ്രാമമാണ്. അവിടുത്തെ വിശുദ്ധനാണ് ജോൺ നെപ്പുമസ്യൻ . ആ വിശുദ്ധന്റെ പേരാണ് എനിക്കും കിട്ടിയിരിക്കുന്നത്. ജോൺ എന്നാണ് പേര്. പക്ഷെ ജോയി എന്നാണ് വിളിക്കുന്നത്

ചോദ്യം: രൂപതാധ്യക്ഷൻ ആയി വരുമ്പോൾ പേരിൽ മാറ്റം വരുമോ ?

മാമോദിസ പേരാണ് നല്ലത് എന്നൊക്കെ പറയാറുണ്ട്. എനിക്ക് ജോയ് എന്ന പേരാണ് ഇഷ്ടം. ഒരു ക്രിസ്തുശിഷ്യൻ, ഒരു സഭാ ശുശ്രൂഷകൻ, എപ്പോഴും സന്തോഷത്തിന് മാതൃകയായിരിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ പേർ ഞാൻ അഡോപ്റ്റ് ചെയ്തതാണ്. സെമിനാരിയിൽ ചേർന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു ഏതെങ്കിലും പേര് ഉറപ്പിക്കണം എന്ന്. അപ്പോൾ എനിക്ക് തോന്നി ജോയ് എന്ന പേര് മതി എന്ന്. ആ പേരിനു കുറച്ചുകൂടി ഇമ്പമുണ്ട്, ഹൃദ്യമാണ്

ചോദ്യം: വീട്ടിലും ജോയി എന്നാണോ വിളിച്ചുകൊണ്ടിരുന്നത് ?

വീട്ടിൽ ജോയി എന്നാണ് വിളിച്ചിരുന്നത്. സ്കൂളിൽ ജോൺ. ക്രിസ്തീയ സാക്ഷ്യം എന്നുപറയുന്നത് എപ്പോഴും ഒരു സന്തോഷത്തിന്റെ സാക്ഷ്യം ആണ്. ഞാൻ വിചാരിച്ചു ദൈവം എനിക്ക് കണ്ടറിഞ്ഞു തന്ന പേരാണിത്.

ചോദ്യം: നാട്ടിൽ വന്നിട്ടുള്ള മാറ്റത്തെപ്പറ്റി എന്താണ് തോന്നിയിട്ടുള്ളത് ?

നാട്ടിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഞാനൊക്കെ പഠിച്ചിരുന്ന കാലത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രീതിയല്ല ഇപ്പോൾ. എല്ലാ വിധത്തിലും വലിയ വികസനം വന്നു. സാമ്പത്തികമായി ,വിദ്യാഭ്യാസപരമായി എല്ലാം വളരെ പുരോഗമിച്ചിട്ടുണ്ട്. വികസനം എല്ലാ സ്ഥലത്തും വന്നിട്ടുണ്ട്. പക്ഷെ അതിന് ആനുപാതികമായിട്ടുള്ള സ്പിരിച്വൽ ഡെവലപ്മെൻറ് വന്നിട്ടില്ല. അത് ഒരു പോരായ്മ ആണ് .

മറ്റു തിന്മകളും കണ്ടമാനം വർദ്ധിച്ചിട്ടുണ്ട്. പണ്ടൊരു പ്രദേശത്തു എല്ലാവരും ഒരുമിച്ച് ആണ് ജീവിച്ചിരുന്നത്. ഇപ്പോൾ ആളുകളും കുടുംബങ്ങളും ഒറ്റപ്പെട്ടുപോയികൊണ്ടിരിക്കുന്നു . യുവതീയുവാക്കൾ നാടുവിട്ടു പുറം രാജ്യങ്ങളിലേക്ക് പോകുന്ന ട്രെൻഡ് കൂടി വരുന്നു.

ജനന നിരക്ക് കുറഞ്ഞതുകൊണ്ട് ക്രിസ്ത്യൻ സമൂഹം ജനസംഖ്യയിൽ ഇടിവ് നേരിടുന്നു. അതിനു പുറമെ വിദേശത്തേക്ക് കുടിയേറുക കൂടി ചെയ്യുന്നതോടെ കുറെ കഴിയുമ്പോൾ നാട്ടിൽ എത്ര ക്രിസ്ത്യാനി ഉണ്ടാവും എന്നത് സംശയമാണ്. അമ്പത് കൊല്ലം കഴിയുമ്പോൾ കേരളത്തേക്കാൾ ശക്തമായ ക്രിസ്തീയ സമൂഹം വിദേശത്തുണ്ടാകും എന്നാണ് എന്റെ കാഴ്ചപ്പാട്.

മുസ്ലിം ജനസംഖ്യ കൂടുന്നുണ്ട്. അവർ നേരത്തെ കണ്ടറിഞ്ഞു പ്രവർത്തിച്ചു. അത്തരമൊരു ദർശനം അവർക്കുണ്ട്. നമ്മളാവട്ടെ ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്നൊക്കെ പറഞ്ഞപ്പോൾ ആ പ്രലോഭനത്തിൽ വീണു. നമ്മളെ പറഞ്ഞു പറ്റിച്ചു എന്നും പറയാം. പിന്നീടാണ് പ്രശ്നം നമുക്ക് മനസിലാകുന്നത്.

ഇപ്പോൾ നമുക്ക് കാര്യം മനസിലായി. പക്ഷെ അവർക്കൊപ്പം എത്തുക ഇനി എളുപ്പമല്ല. കേരളത്തിൽ ഒരു കാലത്ത് നമുക്ക് ആയിരുന്നു കൂടുതൽ അംഗസംഖ്യ . 24 ശതമാനം വരെ. അതിപ്പോൾ 14 ശതമാനമൊക്കെ ആയി. ഇതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ കയ്യിലിരുപ്പ് തന്നെ കാരണം.

ചോദ്യം: ഇവിടുത്തെ ദൈവവിളിയെ പറ്റി പിതാവിന്‍റെ കാഴ്ചപ്പാട് എന്താണ് ?

എട്ട് പേർ ഇപ്പോൾ സെമിനാരിയിൽ ഉണ്ട്. ആറുപേർക്ക് പട്ടം കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതൽ പേർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി കുറെ അധികം വർക്ക് ചെയ്യേണ്ടതുണ്ട്. പിള്ളേരെ ആകർഷിക്കണം. നമ്മുടെ സഭയുടെ പ്രവർത്തനങ്ങൾ നന്നായാൽ ദൈവ വിളിയൊക്കെ ഉണ്ടാവും .

ചോദ്യം: ഇവിടത്തെ വൈദിക വിദ്യാർത്ഥികൾ നാട്ടിലേക്കാളും വിശ്വാസ തീക്ഷണത ഉള്ളവർ ആണോ?

ഇവിടെ സെമിനാരിയിൽ ചേരണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അവർ പൂർണമായും കമ്മിറ്റഡ് ആയിരിക്കും . വളരെ ആലോചിച്ചായിരിക്കും അവർ ആ തീരുമാനം എടുക്കുന്നത്. ഇവിടെയുള്ള ചെറുപ്പക്കാർക്ക് എന്തിനും സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും സെമിനാരിയിൽ നിൽക്കുന്നുണ്ടെങ്കിൽ അവർ കമ്മിറ്റഡ്ഡ് ആയിട്ടാണ്. ഒരു പരീക്ഷണാർത്ഥം അല്ല അവർ വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കു വച്ചു കൊഴിഞ്ഞു പോകുന്നത് കുറവാണ് .

ചോദ്യം: ഇവിടെ കന്യാസ്ത്രീകൾ ഉണ്ടാവുന്നില്ലല്ലോ. അതിനുള്ള സംവിധാനം ഇല്ലേ ?

അതിനുവേണ്ടി തീവ്രമായ ചില പരിശ്രമങ്ങൾ നമ്മൾ ചെയ്യേണ്ടതായിട്ടുണ്ട്. ആ ഒരു ലക്ഷ്യത്തിനായി നമ്മൾ സീരിയസായി പ്രവർത്തിക്കേണ്ടതുണ്ട്. പക്ഷെ അവർക്ക് പ്രത്യേകിച്ച് ഒരു മിനിസ്ട്രി മേഖല കാണുന്നില്ല. നാട്ടിൽ മിഷൻ ആശുപത്രി ഒക്കെ തുടങ്ങുമ്പോൾ അവർക്ക് കുറച്ചുകൂടി സാധ്യതയുണ്ട്. ഇവിടെ പക്ഷെ അങ്ങനെ ഒരു ഇൻഫ്രാസ്ട്രക്ച്ചർന്റെ ആവശ്യം വരുന്നില്ല.

ചോദ്യം: പിതാവ് സ്ഥാനമേറ്റ ശേഷം ആദ്യമായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്താണ് ?

പ്രത്യേകിച്ച് ഒരുപാട് കാര്യങ്ങൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഇപ്പോഴത്തെ പോലെ തന്നെ മുന്നോട്ടു പോകും. പിന്നെ കാലാനുസൃതമായി മാറ്റം വരുമല്ലോ. ഏറ്റവും അത്യാവശ്യമായത് ഒരു എപ്പാർക്കിയൽ അസംബ്ലി ചേരുകയാണ്

ചോദ്യം: അതിൽ ആരൊക്കെ ആയിരിക്കും മെമ്പേഴ്സ് ?

അസംബ്ലി എന്നു പറയുന്നത് സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡെമോക്രാറ്റിക് സംവിധാനമാണ്. ഒരു വലിയ പാർലമെൻറ് എന്നാണ് അതിൻറെ വിശേഷം. സിനിഡാലിറ്റി എന്നു മാർപാപ്പ പറഞ്ഞിരിക്കുന്നതും ആയി സാമ്യമുണ്ട്. സഭയുടെ കർമപദ്ധതിയിൽ പെട്ടതാണ്. അഞ്ചു കൊല്ലത്തിൽ ഒരു സമ്മേളനം വിളിച്ചു കൂട്ടി ആനുകാലിക സാമൂഹിക ഘടകങ്ങളെ പഠിക്കുന്നു. അത് ചിലപ്പോൾ യൂത്ത്നെക്കുറിച്ച് ആകാം, കുടുംബത്തെക്കുറിച്ച് ആകാം. സഭ അഭിമുഖീകരിക്കുന്ന, മനുഷ്യരാശി അഭിമുഖീകരിക്കുന്ന അല്ലെങ്കിൽ പ്രവാസിസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് കൂലങ്കഷമായി പഠിച്ചു ചർച്ചചെയ്തു തീരുമാനമെടുക്കുകയും സാധ്യമാവുന്നവ നടപ്പിലാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഈ എപാർക്കിയൽ അസംബ്ലി.

ചോദ്യം: ക്രൈസ്തവ വിശ്വാസം ലോകത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്നു. വിശ്വാസം തന്നെ വേണ്ട എന്നൊരു അവസ്ഥയുണ്ട്. അതിനെപ്പറ്റി ?

വിശ്വാസത്തിൻറെ തലങ്ങളിൽ ഒരുപാട് വെല്ലുവിളികൾ നമ്മൾ നേരിടുന്നുണ്ട്. എല്ലാ കാലഘട്ടത്തിലും എല്ലാ നൂറ്റാണ്ടിലും വിശ്വാസത്തിൽ പ്രതിസന്ധി ഉണ്ടായിരുന്നു. സഭ വളരെയധികം അധഃപതിച്ച ഒരു കാലഘട്ടത്തിലാണ് ഫ്രാൻസിസ് അസീസി വരുന്നത്. ദൈവം ഫ്രാൻസിസ് അസീസി എന്ന മനുഷ്യനെ അയച്ചുകൊണ്ട് വലിയ നവോത്ഥാനം ഉണ്ടാക്കി. എപ്പോഴൊക്കെ നമുക്ക് പോരായ്മകൾ വരുന്നുണ്ടോ അപ്പോഴൊക്കെ ദൈവസഹായത്താൽ അതിനെ മറികടക്കുവാൻ നമുക്ക് സാധിക്കും .

ഇപ്പോൾ തന്നെ നമ്മളെന്തു മാത്രം മാറി? ഇപ്പോൾ ബൈബിൾ നന്നായിട്ട് കൈകാര്യം ചെയ്യാൻ ആളുകൾക്ക് അറിയാം. അമേരിക്കയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഇന്ത്യൻ കുട്ടികൾക്ക് മാറ്റ് അമേരിക്കൻ കുട്ടികളേക്കാൾ സ്പിരിച്വൽ ഐ ക്യൂ കൂടുതലാണ്. ഇവിടുത്തെ കുട്ടികൾക്ക് ഒന്നും എത്തിപ്പിടിക്കാൻ പറ്റാത്ത വിധത്തിലാണ് അവർ. ആ തലങ്ങളിൽ ഒക്കെ നമ്മൾ വളരെയധികം വളർന്നിട്ടുണ്ട് .

ചോദ്യം: അങ്ങാടിയത്ത് പിതാവിനെപ്പറ്റി പിതാവിന്‍റെ കാഴ്ചപ്പാട് എന്താണ് ?

രൂപതയുടെ ആരംഭകാലം വളരെ പ്രശ്നസങ്കീർണമായിരുന്നു. എല്ലാ പ്രസ്ഥാനത്തിനും അതിന്‍റെ ശൈശവ സ്ഥിതിയിൽ വളരെ പ്രതിസന്ധികളിലൂടെ പോകേണ്ട അവസ്ഥ വരുമല്ലോ. അതുപോലെ സഭാ വിഷയങ്ങളിലും. ആരംഭത്തിൽ പലകാര്യങ്ങളിലും ഒരു ക്ലാരിറ്റി വന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ പല വെല്ലുവിളികളും വന്നു.

ചിലരുടെ നിസഹകരണം, പവർ പൊളിറ്റിക്സ്. അതിനെയൊക്കെ വളരെ ശാന്തമായി കൈകാര്യം ചെയ്യാനായി എന്നതാണ് അങ്ങാടിയത്ത് പിതാവിൻറെ ഒരു വലിയ നന്മ .അദ്ദേഹം അതിനെ ക്ഷമയോടെ നോക്കിക്കണ്ടു പരിഹരിച്ചു. പെട്ടെന്ന് എടുത്തുചാടുന്ന ഒരാൾ ആയിരുന്നെങ്കിൽ അതൊക്കെ പാളി പോയേനെ . അങ്ങനെ പാളിച്ചകൾ ഒന്നും വരാതെ എല്ലാം ശരിയായ ദിശയിൽ നാവിഗേറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നെ അദ്ദേഹം പ്രാർത്ഥനയുടെ മനുഷ്യനാണ്.