ഫൊക്കാനയുടെ പുതിയ നേതൃത്വം 24 ന് ചുമതലയേറ്റെടുക്കും
Friday, September 23, 2022 12:41 PM IST
ഫ്രാൻസിസ് തടത്തിൽ
വാഷിംഗ്ടൺ ഡി സി : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഈമാസം 24 ന് ചുമതലയേൽക്കും. ഡോ ബാബു സ്റ്റീഫൻ അധ്യക്ഷനും ഡോ. കലാ ഷാഹി സെക്രട്ടറിയുമായ പുതിയ ഭരണസമിതി ജൂലൈമാസം ഒർലോഡോയിൽ നടന്ന ഫൊക്കാന ദേശീയ കൺവെൻഷനിൽ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ജോർജി വർഗീസിൽ നിന്നും അടുത്ത രണ്ടുവർഷത്തെ അധ്യക്ഷന്റെ ചുമതലകൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഡോ ബാബു സ്റ്റീഫൻ ഏറ്റെടുക്കും.

വാഷിംഗ്ടൺ ഡിസിയിലെ കെൻവുഡ് ഗോൾഫ് ആൻഡ് കൗണ്ടി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചരിത്രപരമായ ചടങ്ങിൽ മുൻഭാരവാഹികൾ, നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടക്കും. ഫൊക്കാന വിമൺസ് ഫോറം ഭാരവാഹികൾ, ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർമാർ, റിജിയണൽ വൈസ് പ്രസിഡന്റുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം ബോർഡ് ഓഫ് ട്രസ്റ്റീസും ചുമതലയേൽക്കുന്നുണ്ട്.

ഡോ ബാബു സ്റ്റീഫൻ ( പ്രസിഡന്റ് ), ഡോ കലാഷാഹി ( ജന.സെക്രട്ടറി ), ബിജു ജോൺ ( ട്രഷറർ) ഷാജി വർഗീസ് , ചാക്കോ കുര്യൻ ( വൈസ് പ്രസിഡന്റ്), ജോയി ചാക്കപ്പൻ ( അസി.സെക്രട്ടറി), ഡോ മാത്യു വർഗീസ് ( അസി. ട്രഷറർ) സോണി അംബൂക്കൻ ( അഡീ.അസോസിയേറ്റ് സെക്രട്ടറി), ജർജി പണിക്കർ ( അഡീ. അസോ. ട്രഷറർ), ഡോ ബ്രിജറ്റ് ജോർജ് ( വുമൺസ് ഫോറം ചെയർപേഴ്‌സൺ), സജി പോത്തൻ ( ബി ഒ ടി ചെയർമാൻ) എന്നിവരാണ് ജോർജി വർഗീസ് , ഡോ സജിമോൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ നിന്നും പുതുതായി ചുമതലകൾ ഏറ്റെടുക്കുന്ന പുതിയ ഭരണസമിതി അംഗങ്ങൾ. പുതുതായി ചുമലയേൽക്കുന്ന ചില ഭാരവാഹികൾ ജോർജി വർഗീസ് -സജിമോൻ ആന്റണി ഭരണസമിതിയിൽ അംഗങ്ങളായിരുന്നു.