നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്ക്
Saturday, May 21, 2022 10:23 AM IST
പി.പി. ചെറിയാൻ
സാൻഫ്രാൻസിസ്കോ: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്കേർപ്പെടുത്തിയതായി സാൻഫ്രാൻസിസ്കോ ആർച്ച്ബിഷപ് സൽവറ്റോർ കോർഡിലിയോൺ ഉത്തരവിറക്കി.

ഗർഭഛിദ്രത്തെ തുടർച്ചയായി പിന്തുണയ്ക്കുന്നതാണ് വിലക്കേർപ്പെടുത്തുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതു സംബന്ധിച്ച് മേയ് 19നു ആർച്ച്ബിഷപ്പും ചാൻസിലറും ഒപ്പിട്ട കത്ത് പുറത്തിറക്കി.

രണ്ടാമത് വത്തിക്കാൻ കൗൺസിൽ തീരുമാന പ്രകാരം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതോടെ ആ കുഞ്ഞു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മറിച്ചു കുഞ്ഞിനെ ഗർഭിഛിദ്രത്തിലൂടെ നശിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

ഏതവസ്ഥയിലും മനുഷ്യ ജീവന്‍റെ മഹത്വം കാത്തു സൂക്ഷിക്കുവാൻ ക്രിസ്താനികൾ ബാധ്യസ്ഥരാണ്. കത്തോലിക്കാ വിശ്വാസിയായ ഒരു രാഷ്ട്രിയക്കാരൻ സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരെ നിലകൊള്ളുന്നത് തെറ്റാ‌യ കീഴ്വഴക്കമാണ് സമൂഹത്തിനു നൽകുന്നത്. വിശ്വാസികൾ ആരെങ്കിലും ഇതിനെതിരെ പ്രവർത്തിച്ചാൽ അവരെ വൈദികർ നേരിട്ടു കണ്ട് ഇത്തരം പ്രവർത്തനങ്ങളിൽനിന്നും പിന്മാറമെന്ന് ആവശ്യപ്പെട്ടിട്ടും തുടർന്നും സഭയുടെ പ്രമാണങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽനിന്നും മാറ്റി നിർത്താൻ സഭ നിർബന്ധിതമാകും. എന്നാൽ പിന്നീട് അവരുടെ പാപങ്ങളിൽ അനുതപിച്ച് മുന്നോട്ടുവരികയാണെങ്കിൽ ദിവ്യകാരുണ്യ സ്വീകരണത്തിനു തടസമുണ്ടാകില്ലെന്നും കത്തിൽ പറയുന്നു.

നല്ലൊരു കത്തോലിക്കാ വിശ്വാസിയാണ് താനെന്നു നാൻസി പെലോസി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നതാണ് ഇത്തരമൊരു തീരുമാനത്തിൽ എത്താൻ ആർച്ച്ബിഷപ്പിനെ പ്രേരിപ്പിച്ചത്.