മരിച്ച മൂന്നു വയസുകാരിക്ക് തൂക്കം മൂന്നു പൗണ്ട്; മാതാപിതാക്കൾ അറസ്റ്റിൽ
Saturday, May 14, 2022 10:19 AM IST
പി.പി. ചെറിയാൻ
ഡാവൽപോർട്ട് (ഫ്ളോറിഡ): മൂന്നു വയസുകാരി കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മാതാവ് അർഹോണ , പിതാവ് റജിസ് ജോൺസൻ എന്നിവരാണ് അറസ്റ്റിലായത്.

മേ‌യ് 12നു പിതാവ് റജിസ് ജോൺസൻ 911 ൽ വിളിച്ചു കുട്ടി ശ്വസിക്കില്ലെന്നു അറിയിച്ചതിനെതുടർന്നു വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ഊതിവീർപ്പിക്കുന്ന സ്വിമ്മിംഗ് പൂളിൽ കുട്ടി ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. അതേസമയം ഞാൻ തിരിക്കിലായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസിനെ വിളിക്കാൻ വൈകിയതെന്നുമായിരുന്നു മാതാവ് അർഹോണ റ്റിൽമാൻ അറിയിച്ചത്.

കുട്ടി ഒരു സാന്‍റ്‌വിച്ചും ചിക്കൻ നഗ്റ്റസും കഴിച്ചിരുന്നതായി പിതാവ് പറഞ്ഞിരുന്നുവെങ്കിലും വയറ്റിൽ ഭക്ഷണപദാർഥങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം വീട്ടിനകത്തു ആവശ്യത്തിലധികം ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരുന്നതായും മാതാപിതാക്കൾ നല്ലതുപോലെ കഴിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.

2019 ജുലൈയിലാണ് കുട്ടിയുടെ ജനനം. പൂർണ ആരോഗ്യത്തോടെ ജനിച്ച കുട്ടിക്ക് ആറു പൗണ്ടും 10 ഔൺസ് തൂക്കവും ഉണ്ടായിരുന്നു. ഇപ്പോൾ വെറും അസ്ഥിയും തോലും മാത്രമാണുണ്ടായിരുന്നത്.

കുട്ടിക്ക് വേണ്ടത്ര ഭക്ഷണവും പരിചരണം ലഭിക്കാഞ്ഞതാണ് മരണ കാരണമെന്നും കുട്ടിയെ പട്ടിണിക്കിട്ടു കൊല്ലുകയായിരുന്നുവെന്നുമാണ് മതാപിതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.