ഇന്ത്യൻ അമേരിക്കൻ വംശജ സൈനദ ആലത്തിന് പിന്തുണ വർധിക്കുന്നു
Saturday, January 29, 2022 11:08 AM IST
നോർത്ത് കരോളൈന: നോർത്ത് കരോളൈനയിലെ ആറാമത് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്നും യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ - അമേരിക്കൻ സ്ഥാനാർഥി നൈദ ആലത്തിന് പിന്തുണയേറുന്നു.

ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലന്‍റേഴ്സ് (എഎപിഐ), വിക്ടറി ഫണ്ട്, ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് ഫണ്ട് എന്നീ പ്രമുഖ സംഘടനകളാണ് പുതുതായി സ്ഥാനാർഥിയെ എൻഡോഴ്സ് ചെയ്യുന്നതായി പ്രസ്താവന ഇറക്കിയത്.

നോർത്ത് കരോളൈനയിലെ പ്രോഗ്രസീവ് മൂവ്മെന്‍റിന്‍റെ ചാന്പ്യൻ എന്നാണ് സൈനദ ആലത്തെ എഎപിഐ വിക്ടറി ഫണ്ട് ചെയർമാൻ വിശേഷിപ്പിച്ചത്. ഇവർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ജനങ്ങളുടെ പിന്തുണ നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇടക്കാല തെരഞ്ഞെടുപ്പിൽ വന്പിച്ച ഭൂരിപക്ഷത്തോടെ ഇവരെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അമേരിക്കൻ ഗവൺമെന്‍റിൽ ഇന്ത്യൻ-അമേരിക്കൻ വംശജരുടെ പ്രാതിനിത്യം വർധിപ്പിക്കുന്നതിന് സൈനദയുടെ വിജയം അനിവാര്യമാണെന്നും ഇന്ത്യൻ സമൂഹത്തിന് ഇവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്നും ‌ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് ഫ‌ണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ മക്കിജ പറഞ്ഞു.

നിലവിൽ ദുർഹം കൗണ്ടി കമ്മീഷണറായ സൈനദ ആലം കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രോഗ്രസീവ് പോളിസികൾക്കുവേണ്ടി പോരാടുമെന്ന് ഉറപ്പു നൽകി. തന്നെ എൻഡോഴ്സ് ചെയ്യുന്നതിന് രണ്ടു പ്രധാന സംഘടനകൾ മുന്നോട്ടുവന്നതിൽ സൈനദ ആലം അഭിനന്ദിച്ചു.

പി.പി. ചെറിയാൻ