ജോസ് മാത്യു പനച്ചിക്കലിന്‍റെ വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു
Wednesday, January 26, 2022 3:20 PM IST
ഡാളസ് : പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ജോസ് മാത്യു പനച്ചിക്കലിന്‍റെ ആകസ്മിക വിയോഗത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രത്യേകിച്ച് അമേരിക്ക, യൂറോപ്, കേരള, എൻ ആർ കെ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം അനുശോചന മീറ്റിംഗുകൾ സംഘടിപ്പിച്ചു.

പി എം എഫ് എന്ന ആഗോള മലയാളി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ഒരു മഹദ് വ്യക്തിയും സദാ കർമ്മ നിരതനും, ഊർജസ്വലനും ആയിരുന്നു ജോസ് പനച്ചിക്കൽ .സംഘടനക്ക് വേണ്ടി അക്ഷീണം യത്നിക്കുന്ന ഒരു ജേഷ്ഠ സഹോദരനെയാണ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത് . ഏതു പ്രതി സന്ധി ഘട്ടത്തിലും സംഘടനപ്രവർത്തകരെ എല്ലാവരെയും ഒന്നിച്ചു ചേർത്ത് നിർത്തുവാൻ അങ്ങേയറ്റം ശ്രമിച്ച ഒരു ചാലക ശക്തിയായിരുന്നു പനച്ചിക്കൽ .അദ്ദേഹത്തിന്‍റെ വേർപാട് പി എം എഫിനെ സംബന്ധിച്ചും പ്രവാസി മലയാളി സമൂഹത്തിനും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണെന്നു പി എം എഫ് ഗ്ലോബൽ പ്രസിഡന്‍റ് എം.പി സലീം, ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാനാട്ട് , ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻകോട്ടയം എന്നിവർ വിവിധ അനുശോചന യോഗങ്ങളിൽ അഭിപ്രായപ്പട്ടു.

ജോസ് മാത്യു പനച്ചിക്കൽ പ്രവാസി മലയാളികളുടെ ഉന്നമനത്തിനുവേണ്ടി ആവിഷ്കരിച്ച ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയാണ് അദ്ദേഹത്തിന് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയും പി എം എഫ് രക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തന്റെ സന്ദേശത്തിൽ പറഞ്ഞു.

എസ്‌ സുരേന്ദ്രൻ ഐ പി എസ്‌, പി എം എഫ് ഗ്ലോബൽ ഡയറക്ടർബോർഡ്, ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ, നാഷണൽ, യൂണിറ്റ് കമ്മിറ്റികൾ, കേരള, എൻ ആർ കെ , നോർത്ത് അമേരിക്ക, യൂറോപ്പ് , ജി സിസി, ആഫ്രിക്ക കമ്മിറ്റി ഭാരവാഹികൾ, പി എം എഫ് കുടുംബങ്ങൾ, ലോക കേരള സഭ അംഗങ്ങൾ, ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവർ, അദ്ദേഹത്തിന്‍റെ കുടുംബത്തിനും , പ്രിയപ്പെട്ടവർക്കും എല്ലാ ആദരവുകളും, പ്രാർത്ഥനകളും, ആദരാഞ്ജലികളും അർപ്പിച്ചു.

പി പി ചെറിയാൻ( ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )