മലയാളി പെ‌ൺകുട്ടി അലബാമയിൽ വെടിയേറ്റുമരിച്ചു
Tuesday, November 30, 2021 7:59 AM IST
മോണ്ട് ഗോമറി: അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിൽ മലയാളി പെൺകുട്ടി വെടിയേറ്റുമരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് വെടിയേറ്റു മരിച്ചത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്‍റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്‍റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസൻ മാത്യുവിന്‍റെ ശരീരത്തിൽ പതിച്ചായിരുന്നു അപകടം. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

ഇതോടെ ഈ മാസം അമേരിക്കയിൽ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മറിയം. നേരത്തെ ഡാളസിൽ അക്രമിയുടെ വെടിയേറ്റ് സാജൻ മാത്യു എന്ന മലയാളി വെടിയേറ്റു മരിച്ചിരുന്നു.

2005 ലാണ് മറിയം കുവൈറ്റിൽനിന്നും അമേരിക്കയിലേക്ക് കുടിയേറുന്നത്. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്‍റെയും ബിൻസിയുടെയും മകളാണ്. സഹോദരങ്ങൾ: ബിമൽ, ബേസൽ.

നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കറ്റ് സെൻറ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ജോൺസൺ പുഞ്ചക്കോണം