ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ്
Saturday, November 27, 2021 2:27 PM IST
വാഷിങ്ടന്‍: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഏട്ടു രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാബ്‌വെ, നമീബിയ, ലെസോത്തൊ, എസ്വാട്ടീനി, മൊസാംബിക്, മലായ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയന്ത്രണം നിലവില്‍ വരുന്നത്.

പ്രസിഡന്റ് ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആന്‍റണി ഫൗസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരുങ്ങിയത് പന്ത്രണ്ടു രാഷ്ട്രങ്ങളിലേക്കെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിച്ചുവരികയാണ്.

താങ്ക്‌സ് ഗിവിങ്ങ് അവധിയിലായിരുന്ന പ്രസിഡന്റ് പുതിയ സംഭവവികാസങ്ങളെ കുറിച്ച് വെള്ളിയാഴ്ച പത്രപ്രസ്താവന നടത്തി. രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും, ഇതുവരെ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ ജീവന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ വാക്‌സിന്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് നല്‍കുന്ന സൂചന ലോകം മുഴുവന്‍ കോവിഡിന്‍റെ പിടിയില്‍ നിന്നും മോചിതമാകണമെങ്കില്‍ എല്ലാവരും വാക്‌സിനേറ്റ് ചെയ്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു. മറ്റു ഏതു രാജ്യങ്ങളേക്കാളും വാക്‌സീന്‍ സംഭാവന നല്‍കിയ രാജ്യം യുഎസാണെന്നും ബൈഡന്‍ അവകാശപ്പെട്ടു.

പി.പി. ചെറിയാന്‍