പ്രകാശകിരണങ്ങൾ പുസ്തകം പ്രകാശനം ചെയ്തു
Wednesday, October 13, 2021 11:06 AM IST
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലക്സിനോസിന്‍റെ ജീവിതം, ദർശനം, സാക്ഷ്യം എന്നിവയെ പ്രതിപാദിക്കുന്ന "പ്രകാശകിരണങ്ങൾ' എന്ന പുസ്തകം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ പൂലാത്തിനിൽ നടന്ന ചടങ്ങിൽ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

ബിഷപ്പ് ഡോ. മാർ ഫിലക്സിനോസിന്‍റെ ജീവിതത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ ജാലകം തുറക്കുന്ന ആത്മീയ പ്രഭാഷണങ്ങൾ, ദർശനങ്ങൾ, സഹപ്രവർത്തകരുടെ ജീവസാക്ഷ്യങ്ങൾ എന്നിവയെ ഉൾപ്പെടുത്തി, തന്‍റെ ജീവിതത്തെ വെളിച്ചത്തിന്‍റെ പര്യായമാക്കികൊണ്ട് എഴുപതു സംവത്സരങ്ങൾ പിന്നിടുന്ന ബിഷപ്പിനെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും, മലയാള മനോരമയുടെ അസിസ്റ്റന്‍റ് എഡിറ്ററുമായ ഡോ.പോൾ മണലിൽ ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

പ്രകാശന ചടങ്ങിൽ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഡോ.പോൾ മണലിൽ, റവ. രാജ് ഏലിയാസ് വർഗീസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

മാർത്തോമ്മാ സുറിയാനി സഭയുടെ അജപാലകൻ എന്ന നിലയിൽ ബിഷപ്പ് ഡോ.മാർ ഫിലക്സിനോസിന്‍റെ ശുശ്രൂഷകൾ മാർത്തോമാ സഭയ്ക്ക് മാത്രമല്ല, ആഗോള സഭയ്ക്കും പൊതുസമൂഹത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടായിരിക്കുന്നു. മൗലികമായ ജീവിതദർശനത്തിലൂടെ ക്രൈസ്തവസാക്ഷ്യം നിർവഹിക്കുന്ന ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നിശബ്ദസേവനങ്ങളുടെ സ്പന്ദനങ്ങൾ ഈ പുസ്തകത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു എന്ന് പ്രകാശന ചടങ്ങിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പം ഭാരതത്തിൽ യാഥാർഥ്യമാക്കാൻ മുൻ നിരയിൽ നിന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക ചിന്തകനും ആധ്യാത്മികനായകനും, മൗലികമായൊരു ജീവിതദർശനത്തിലൂടെ ക്രൈസ്തവസാക്ഷ്യം നിർവഹിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ഇടയനുമാണ് ബിഷപ്പ് ഡോ.മാർ ഫിലക്സിനോസ് എന്ന് ഡോ.പോൾ മണലിൽ ഈ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു.

ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വെളിച്ചം വാരി വിതറിയ ഒരു ആധ്യാത്മിക തേജസ് ആയ ബിഷപ്പ് ഡോ.മാർ ഫിലക്സിനോസിന്റെ സപ്തതിവേളയിൽ അദ്ദേഹത്തിനു സമർപ്പിക്കുന്ന ഒരു എളിയ ഉപകാരമാണ് ഈ പുസ്തകം എന്ന് പുസ്തകത്തിന്‍റെ എഡിറ്റർ കൂടിയായ ഡോ.പോൾ മണലിൽ പറഞ്ഞു. റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, റവ.രാജ് ഏലിയാസ് വർഗീസ് എന്നിവർ ഈ ഉദ്യമത്തിൽ അദ്ദേഹത്തെ സഹായിച്ചു. ക്രൈസ്തവ സാഹിത്യ സമിതി (സിഎസ് എസ്) തിരുവല്ലാ ആണ് പ്രകാശ കിരണങ്ങൾ എന്ന ഈ പുസ്തകം വിതരണം ചെയ്യുന്നത്.

-ഷാജി രാമപുരം