സസ്നേഹം ഇ സന്തോഷ് കുമാർ- സൂം സാഹിത്യസല്ലാപം
Thursday, June 24, 2021 11:45 AM IST
ഡാളസ് : കേരള സാഹിത്യ അക്കാദമി അവാർഡ്‌‌ ജേതാവും പ്രസിദ്ധനോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ സന്തോഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന " സസ്നേഹം ഇ. സന്തോഷ് കുമാർ ' എന്ന പേരിൽ സാഹിത്യ ചർച്ച നടത്തുന്നു. അദ്ദേഹത്തിന്‍റെ സാഹിത്യകൃതികളെ പ്രസിദ്ധനിരൂപകൻ സജി എബ്രഹാം നേർക്കുനേർ ചർച്ചയിൽ മോഡറേറ്ററായി പങ്കെടുത്ത്‌ വിലയിരുത്തുന്നു. ഒപ്പം പ്രസിദ്ധസാഹിത്യ പ്രതിഭകളായ നിർമ്മല, കെ വി പ്രവീൺ, രാജേഷ്‌ വർമ്മ, ശങ്കർ മന എന്നിവരും സാഹിത്യ ചർച്ചയിൽ പങ്കെടുക്കുന്നു. അമേരിക്കയിൽ വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്തു കൊണ്ടു തങ്ങളുടെതായ സാഹിത്യ സൃഷ്ടി കൊണ്ടു മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തിയവരാണ് ഇവർ.

1992 ൽ സാഹിത്യ സ്നേഹികൾ ചേർന്ന് അമേരിക്കയിലെ ഡാളസിൽ വച്ച്‌ രൂപീകരിച്ച സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 29 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ കെ എൽ എസ് സംഘടിപ്പിച്ചു പോകുന്നു. സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ. കെ എൽ എസ് ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ

സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ കെ എൽ എസ്‌ പ്രവർത്തകസമിതി മാസംതോറും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. അക്ഷരശ്ലോകസദസ്‌, നോവൽ, കഥാചർച്ചകൾ, ബാലസാഹിത്യചർച്ച, കഥാപ്രസംഗം തുടങ്ങിയ കഴിഞ്ഞ പരിപാടികൾ ഒന്നിനൊന്നുവേറിട്ടുനിന്ന് മുക്തകൺഠം പ്രശംസനേടിയിരുന്നു.ഈ മാസം കെ എൽ എസ്‌ സംഘടിപ്പിക്കുന്നതു വളരെ വ്യത്യസ്തമായ ഒരു സാഹിത്യ നിരൂപണ ചർച്ചയാണു. ഈ പരിപാടിയിൽ അമേരിക്കയിലും ഇന്ത്യയിലുമെന്നല്ല ലോകത്തെവിടെയിരുന്നും മലയാള സാഹിത്യകുതുകികൾക്കു സൂമിലൂടെയും ഫേസ്ബുക്ക്ക്‌ ലൈവിലൂടെയും പങ്കുചേരാനും ആസ്വദിക്കാനും സാധിക്കുന്ന ഈ സാഹിത്യ പരിപാടി ഒരു വ്യത്യസ്താ നുഭവമാകുമെന്ന് കെ എൽ എസ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

ജൂൺ 26 ശനിയാഴ്ച രാവിലെ പത്ത് (ഇന്ത്യൻ സമയം വൈകിട്ട്‌ 8.30) നു മാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയിൽ പങ്കുചേരാൻ കേരളാ ലിറ്റററി സൊസൈറ്റിയുടെ പേരിൽ എല്ലാവരെയും ക്ഷണിക്കുന്നുയെന്ന് പ്രസിഡന്‍റ് സിജു വി ജോർജ് വ്യക്തമാക്കി.

റിപ്പോർട്ട് : അനശ്വരം മാമ്പിള്ളി