കാപ്പിറ്റോള്‍ അക്രമങ്ങളെ അപലപിച്ച് ട്രംപിന്റെ ആദ്യ വിഡിയോ സന്ദേശം
Thursday, January 14, 2021 3:34 PM IST
വാഷിങ്ടന്‍ ഡിസി: ജനുവരി ആറിന് കാപ്പിറ്റോള്‍ ബില്‍ഡിങ്ങിനു മുന്‍പില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെ അപലപിച്ചു ഡോണള്‍ഡ് ട്രംപ്. ജനുവരി 13 ബുധനാഴ്ച യുഎസ് ഹൗസില്‍ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍ പാസ്സായതിനുശേഷം നടത്തിയ വിഡിയോ പ്രഭാഷണത്തിലാണ് ട്രംപ് പരസ്യമായി അക്രമത്തെ അപലപിച്ചു രംഗത്തെത്തിയത്.

റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ പിന്തുണയോടെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയതില്‍ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും ട്രംപ് അനുയായികളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നാം കണ്ട അക്രമ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരെ പോലെ ഞാനും ദുഃഖിതനാണെന്നും ശരിയായി എനിക്കു പിന്തുണ നല്‍കുന്നവര്‍ രാഷ്ട്രീയ കലാപത്തിന് പ്രേരിപ്പിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.

അടുത്ത ആഴ്ച നടക്കുന്ന ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശാന്തമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍ കരുതലുകളും സ്വീകരിക്കണമെന്നു ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി യുഎസ് ഹൗസ് രണ്ടു പ്രാവശ്യം ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍ പാസാക്കിയ ഏക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍