ഡബ്ല്യുഎംസി പെൻസിൽവേനിയ പ്രൊവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി
Wednesday, November 25, 2020 3:54 PM IST
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി സൂമിൽ കൂടി ചേർന്നു.

ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യുഎംസി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര ഡയറക്ടർ എം.എ നിഷാദ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.ഐടി ചെയർപേഴ്സൺ മാത്യു ശാമുവേൽ മുഖ്യാഥിതി നിഷാദിനെ സദസിനു പരിചയപ്പെടുത്തി. സ്പോൺസേഴ്സിനെ പരിചയപ്പെടുത്തിയ ട്രഷറർ റെനി ജോസഫ്, ചാരിറ്റി പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചടങ്ങിനെ ധരിപ്പിക്കുകയും ചെയ്തു. പ്രശസ്ത പുല്ലാംകുഴൽ വിദ്വാൻ കുടമാളൂർ ജനാര്‍ദ്ദനന്‍റെ പുല്ലാങ്കുഴൽ വായന ഗൃഹാതുരത്വമുണർത്തുന്ന ഒരു വേറിട്ട അനുഭവമായിരുന്നു. വൈസ് ചെയർപേഴ്സൺ നിമ്മി ദാസ് അദ്ദേഹത്തിനെ സദസിന് പരിചയപ്പെടുത്തി

ഗ്ലോബൽ ചെയർമാൻ എ.വി. അനൂപ്, ഗ്ലോബൽ പ്രസിഡന്‍റ് ജോണി കുരുവിള, റീജണൽ ചെയർമാൻ ഹരി നമ്പൂതിരി, റീജണൽ പ്രസിഡന്‍റ് തങ്കം അരവിന്ദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പെൻസിൽവേനിയയുടെ പ്രൊവിൻസ് പ്രസിഡന്‍റ് സിനു നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ സന്തോഷ് എബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് ജസ്റ്റിൻ ജോസ് വെബ്സൈറ്റ് നയന മനോഹരമാക്കിയ ഐടി ടീമിനെ നന്ദി അറിയിച്ചു.

വൈസ്ചെയർ പേഴ്സൺ ക്രിസ്റ്റി മാത്യു ചടങ്ങുകൾ ഫേസ്ബുക്ക് പേജിലേക്ക് ലൈവ് ആയി പ്രക്ഷേപണം ചെയ്തു. ജനസേവന പുരസ്കാരം ലഭിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോർജ് മാമ്മൻ കൊണ്ടൂരിനെ വൈസ് ചെയർ പേഴ്സൺ ക്രിസ്റ്റി മാത്യു മൊമെന്‍റോ നൽകി ആദരിച്ചത് വീഡിയോയിൽ പ്രദർശിപ്പിച്ചു.

അമേരിക്കയിലെ പ്രശസ്ത ഹാസ്യസാമ്രാട്ട് സൂരജ് ദിനമണിയുടെ മിമിക്രി,നൃത്ത നടന വിസ്മയങ്ങൾ കൊണ്ട് അമേരിക്കൻ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നിമ്മി ദാസിന്‍റെ നേതൃത്വത്തിൽ ഡാൻസ്, ഫിലഡൽഫിയ യുടെ മധുര ഗായകൻ റെനി ജോസഫിൻറെ ശ്രുതി മധുര ഗാനം, അമേരിക്കയിലെ പ്രശസ്ത കഥാകൃത്ത് കവയിത്രി സോയ നായരുടെ പ്രത്യേക കേരള ഡേ കവിത എന്നീ പരിപാടികൾ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.

ജോയിന്‍റ് ട്രഷറർ ജോസഫ് കുര്യൻ നന്ദി പറഞ്ഞു. ഡോ. ബിനു ഷാജി മോന മില്ലി ഫിലിപ്പും പരിപാടിയുടെ എംസി മാരായിരുന്നു.

റിപ്പോർട്ട് : ജീമോൻ റാന്നി