ഡോക്ടര്‍ക്കെതിരേ ആരോപിക്കപ്പെട്ട കേസില്‍ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് ധാരണ
Saturday, November 21, 2020 3:21 PM IST
ഇന്ത്യാന: ഇന്ത്യാനയില്‍ നിന്നുള്ള പ്രശസ്ത ഇന്ത്യന്‍- അമേരിക്കന്‍ ഹൃദയശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. അരവിന്ദ് ഗാന്ധിയുടെ പേരില്‍ ആരോപിക്കപ്പെട്ട കേസില്‍ 66 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് ധാരണ.

260 രോഗികളില്‍ അനാവശ്യമായി കാര്‍ഡിയാക് പ്രൊസീഡേഴ്‌സും, ഡിവൈസ് ഇംപ്ലാന്റേഷനും നടത്തി എന്നതാണ് കാര്‍ഡിയോളജി അസോസിയേറ്റ്‌സ് ഓഫ് നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന പി.സി ഡോ. അരവിന്ദ് ഗാന്ധിയുടെ പേരില്‍ ചാര്‍ജ് ചെയ്തിരുന്ന കേസ്. നവംബര്‍ പത്തിനാണ് ലോ ഫേമുമായി 66 മില്യന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായത്. 262 രോഗികള്‍ക്ക് വേണ്ടിയാണ് ലോ ഫേം കേസ് ഫയല്‍ ചെയ്തിരുന്നത്. ധാരണയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന കാര്‍ഡിയോളജി ഗ്രൂപ്പും, നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന ആശുപത്രിയും, ഇന്ത്യാന പേഷ്യന്റ്‌സ് കോമ്പന്‍സേഷന്‍ ഫണ്ടുമായി സഹകരിച്ചാണ് ധാരണയില്‍ ഒപ്പുവെച്ചത്.

രോഗികളില്‍ പേസ്‌മേക്കറുകളും, ഡിഫിബ്രിലേറ്റേഴ്‌സും, ഹൃദയശസ്ത്രക്രിയകളും അനാവശ്യമായി ഡോ. അരവിന്ദ് ഗാന്ധി നടത്തിയെന്ന് ആറു വര്‍ഷം മുമ്പുതന്നെ പരാതി ലഭിച്ചിരുന്നു. 2014-ല്‍ 20 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2016-ല്‍ 300 കേസുകളായി ഉയര്‍ന്നിരുന്നു. ആദ്യ കേസില്‍ ഡോക്ടര്‍ക്കെതിരേ വിധി വരുന്നത് 2015 ഡിസംബറിലായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍