ചങ്ങമ്പുഴ അനുസ്മരണ കഥാപ്രസംഗം 28 ന്
Saturday, November 21, 2020 3:18 PM IST
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി (കെഎല്‍എസ്) ഡാളസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 ശനിയാഴ്ച
രാവിലെ പത്തു മുതല്‍ ചങ്ങമ്പുഴ അനുസ്മരണ കഥാപ്രസംഗവും ചര്‍ച്ചയും നടത്തുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രസിദ്ധ കാഥികന്‍ പുളിമാത്ത് ശ്രീകുമാര്‍ തന്റെ ഏറ്റവും പുതിയ കഥ 'ചങ്ങമ്പുഴ സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വ്വന്‍' അമേരിക്കന്‍ മലയാളികള്‍ക്കായി അവതരിപ്പിക്കുന്നു.

മലയാളി മനസുകളില്‍ ഒരു ഇളംകാറ്റായും കുളിര്‍കാറ്റായും തഴുകി ഒടുവില്‍ ഒരു കൊടുങ്കാറ്റായി വീശി നൊടിയിടയ്ക്കുള്ളില്‍ അപ്രത്യക്ഷനായ മലയാള കാവ്യഗന്ധര്‍വന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിത കഥ അതീവ ഹൃദ്യമായി കാഥികന്‍ പുളിമാത്ത് ശ്രീകുമാര്‍ കേരളാ ലിറ്റററി സൊസൈറ്റിയുടെ വേദിയില്‍ എത്തിക്കുന്നു. മുപ്പത്തഞ്ചു വര്‍ഷമായി കഥാപ്രസംഗ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു, സാമൂഹികോപകാരപ്രദവും, ഈടുറ്റതും അത്യന്തം ശ്രദ്ദേയവുമായ മലയാള കൃതികള്‍ കഥാപ്രസംഗ രംഗത്ത് അവതരിപ്പിച്ചു ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ കാഥികനാണ് അദ്ദേഹം.

2018ല്‍ കഥാപ്രസംഗകലക്ക് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുകൊണ്ട് കേരളത്തിലെ മികച്ച കാഥികനായി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ തെരെഞ്ഞെടുത്ത് അവാര്‍ഡ് നല്‍കി ആദരിച്ചു. വി.സാംബശിവന്‍ സ്മാരക കഥാപ്രസംഗ പുരസ്‌കാരം, കെടാമംഗലം സദാനന്ദന്‍ സ്മാരക കഥാപ്രസംഗ പുരസ്‌കാരം കാഥിക രത്‌നം, കാഥികപത്മം, അക്ഷരശ്രീ തുടങ്ങി മുപ്പതില്‍പരം പുരസ്‌കാരങ്ങള്‍ ഇതിനോടകം അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ആയിരക്കണക്കിന് വേദികളില്‍ കഥ അവതരിപ്പിച്ചു വിഖ്യാതനായ ശ്രീകുമാര്‍ സാമൂഹ്യാവബോധം ഉയര്‍ത്തുന്ന കഥാപ്രസംഗ കലയുടെ ശക്തനായ വക്താവാണ്.

'മാര്‍ത്താണ്ഡവര്‍മ്മ', 'ഒരു ദേശത്തിന്റെ കഥ', 'യക്ഷി', 'അഗ്‌നിസാക്ഷി' തുടങ്ങി വിഖ്യാത കൃതികള്‍ക്ക് കഥാപ്രസംഗ ഭാഷ്യം ചമച്ചു കേരളക്കരയാകെ അവതരിപ്പിച്ച ശ്രീകുമാറിന്റെ പുതിയ കഥ 'ചങ്ങമ്പുഴ സ്‌നേഹിച്ചുതീരാത്ത ഗന്ധര്‍വ്വന്‍' ചങ്ങമ്പുഴയുടെ ജീവിത കഥയാണ്.

മറ്റാരും സ്പര്‍ശിക്കാത്ത തികച്ചും ഗവേഷണാത്മകമായ ഒരു കഥാപ്രസംഗ ശില്പമാണിത്. ചങ്ങമ്പുഴയുടെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള ഓരോരുത്തരുടെയും ജീവിത കഥയായി കേള്‍വിക്കാര്ക്ക് അനുഭവപ്പെടും.
ഉത്സവപ്പറമ്പുകള്‍ക്കും സാംസ്‌കാരിക വേദികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന തരത്തില്‍ ധാരാളം
പഠന നിരീക്ഷണങ്ങള്‍ നടത്തി അദ്ദേഹം സ്വയം തയാറാക്കിയ കഥയ്ക്ക് പ്രശസ്ത സംഗീത സംവിധായകന്‍
ഋഷികേശ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

താങ്ക്‌സ് ഗിവിങ് അവധി വാരാന്ത്യത്തില്‍ നടക്കുന്ന ഈ കഥാപ്രസംഗ പരിപാടി ആസ്വദിക്കുവാന്‍ കേരള ലിറ്റററി സൊസൈറ്റി ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സമയം: നവംബര്‍ 28 ശനി, 10 am (US, CDT)
Zoom Meeting ID : 838 2206 5290, Passcode: 788783

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍