ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് ന്യൂയോര്‍ക്ക് കോണ്‍സൽ ജനറലുമായി ചര്‍ച്ച നടത്തി
Friday, November 20, 2020 5:33 PM IST
ന്യൂയോര്‍ക്ക്: ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് ന്യൂയോര്‍ക്ക് കോണ്‍സൽ ജനറൽ രൺധീർ സിംഗുമായി ചര്‍ച്ച നടത്തി. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ക്ഷണപ്രകാരം കോണ്‍സുലേറ്റിലെത്തിയ അനിയൻ ജോർജ് ഫോമായുടെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. പ്രസിഡന്‍റ് ആയതിനു ശേഷം ഇതാദ്യമായാണ് അനിയന്‍ ജോര്‍ജ് കോണ്‍സുലേറ്റ് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്.

ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിലെ ഏവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന അനിയന്‍ ജോര്‍ജ് പ്രവാസി ഇന്ത്യന്‍, പ്രത്യേകിച്ച് മലയാളി സമൂഹവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഫോമായുടെ ജനപ്രിയമായ ഭാവി പരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കോണ്‍സലർ ജനറല്‍ ശത്രുഘ്‌നന്‍ സിന്‍ഹ, കോണ്‍സലാര്‍ എ.കെ. വിജയകൃഷ്ണന്‍, ഡി & കെ സി.ഇ.ഒ ദിലീപ് വര്‍ഗീസ്, ജോയ് ആലുക്കാസ് മാനേജര്‍ (യുഎസ്എ) ഫ്രാന്‍സി വര്‍ഗീസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് കൂടാതെ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്‍റ, ഹൂസ്റ്റണ്‍ എന്നീ കോണ്‍സുലേറ്റുകളുമായും ഫോമായ്ക്ക് നല്ല ബന്ധമാണുള്ളത്. അനിയന്‍ ജോര്‍ജിന്‍റെ സന്ദര്‍ശനം കോണ്‍സുലേറ്റുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കും. പ്രവാസി ഇന്ത്യക്കാര്‍ തങ്ങളുടെ കര്‍മഭൂമിയില്‍ ആയിരിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റുകളെയുമാണ്. ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ സിംഗ് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.


കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ അക്കാര്യങ്ങള്‍ കോണ്‍സുലേറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനും ഫേമായ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍സുലേറ്റ് നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും ഫോമാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി. ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), തോമസ് റ്റി ഉമ്മന്‍ (ട്രഷറര്‍), പ്രദീപ് നായര്‍ (വൈസ് പ്രസിഡന്‍റ്), ജോസ് മണക്കാട് (ജോയിന്‍റ് സെക്രട്ടറി), ബിജു തോണിക്കടവില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരുടെ പേരിലും നാഷണല്‍ കമ്മിറ്റിയുടെ പേരിലും ഫോമാ കുടുംബാംഗങ്ങളുടെ പേരിലും പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് നന്ദി പറഞ്ഞു.