മുൻ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ പ്രതിയെ തിരഞ്ഞു പോലീസ്
Tuesday, October 20, 2020 6:44 PM IST
ഹൂസ്റ്റൺ: വാഹനത്തിൽ സഞ്ചരിച്ച കാമുകിയെ പിന്തുടർന്നെത്തി വെടിവച്ചു കൊലപ്പെടുത്തിയ മുൻ കാമുകനെ കണ്ടെത്താൻ പോലീസ് പൊതുജനത്തിന്‍റെ സഹായമഭ്യർഥിച്ചു. ഓസ്റ്റിൻ ഹെയ്സ് എന്ന യുവാവാണ് കാമുകിയെ വെടിവച്ചു കൊലപ്പെടുത്തിയത്.

ഒക്ടോബർ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുപതുകാരി ജൂലി ഡി ലഗാർസ, പുതിയ കാമുകനുമായി ട്രക്കിൽ യാത്ര ചെയ്യവേ മുൻ കാമുകൻ ഹെയ്സി വാഹനത്തെ പിന്തുടർന്നെത്തി വെടിയുതിർക്കുകയായിരുന്നു. തലയിൽ വെടിയേറ്റ ജൂലിയെ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ സഞ്ചരിച്ചിരുന്ന പുതിയ കാമുകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

സ്പ്രിംഗ് സൈപ്രസ്, നോർത്ത് വെസ്റ്റ് ഹൈവേയിൽ വച്ചായിരുന്നു വെടിവയ്പുണ്ടായത്. ഹെയ്സി സഞ്ചരിച്ചിരുന്ന വൈറ്റ് ടൊയോറ്റ പിന്നീട് സ്കിന്നർ റോഡിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഹെയ്സിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

പ്രതി ഹെയ്സിനെ കുറിച്ചു വിവരം ലഭിക്കുന്നവർ 713 274 9100 നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സ് 713 222 8477 നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ഷെറിഫ് ഓഫിസ് അഭ്യർഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ