ഐഒസിയും ഉമ്മന്‍ചാണ്ടിയും
Tuesday, September 22, 2020 9:18 PM IST
ന്യൂയോർക്ക്: ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്‍റെ നിയമസഭാ സാമാജികത്വത്തിന്‍റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അമേരിക്കയിലെ മലയാളികളും അഭിമാനത്തിന്‍റെ നിമിഷങ്ങളിലാണ്. കാരണം ഒരു മഹത്തായ പ്രസ്ഥാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. ആ പ്രസ്ഥാനത്തിന്‍റെ പേരാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്.

1998 ജൂലായ് 11ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത ഐഒസി എന്ന പ്രസ്ഥാനം ഇന്ന് പടര്‍ന്ന് പന്തലിച്ച് 27 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഐ ഒ സിയുടെ നിരന്തര ഇടപെടലുകള്‍മൂലം എഐസിസിയില്‍ ഐഒസി എന്ന പ്രസ്ഥാനം തന്നെ രൂപീകരിക്കാനും കഴിഞ്ഞു. ഇതിന്‍റെ ചെയര്‍മാനായി സാം പെട്രോഡയെ നിയമിക്കാനും എഐസിസിയെകൊണ്ട് സാധിപ്പിച്ചത് അമേരിക്കയിലെ ഐ ഒ സിക്ക് വലിയ നേട്ടമായി വിലയിരുത്തുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആദ്യ ഭാരവാഹികളായി ജോണ്‍ ഫിലിപ്പോസ് (പ്രസിഡന്‍റ്), ജോര്‍ജ് എബ്രഹാം (ജനറല്‍ സെക്രട്ടറി), ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (ജോയിന്‍റ് സെക്രട്ടറി), ഫാ. ഡാനിയേല്‍ പുള്ളോലില്‍, സാക്ക് തോമസ് (വൈസ് പ്രസിഡന്‍റുമാര്‍), ജോര്‍ജ് കോശി (ട്രഷറര്‍), ഡോ. സുന്ദരം (ജോയിന്‍റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഫൗണ്ടിംഗ് മെമ്പര്‍മാരായി ഡോ. സുന്ദരം, രാജു വളഞ്ഞുമട്ടം എന്നിവരേയും അഡ്വ. സ്റ്റാന്‍ലി കളത്തറയെ ലീഗല്‍ അഡ്വൈവസറായും തെരഞ്ഞെടുത്തു.

ഐഒസി എന്ന പ്രസ്ഥാനത്തിന്‍റെ പേര് പിന്നീട് ഐഎന്‍ഒസി എന്നാക്കിമാറ്റി. ഐഒസിയുടെ ക്ഷണപ്രകാരം 2001 ല്‍ ന്യൂയോര്‍ക്കിലെത്തിയ സോണിയാഗാന്ധിയാണ് ഐ എന്‍ഒസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ന്യൂയോര്‍ക്കിലെ ഷെര്‍ട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. അന്നു മുതല്‍ ഐഒസി എന്നത് ഐഎന്‍ഒസി എന്ന പേരിലറിയപ്പെടുകയും ചെയ്തു. പിന്നീട്, ഐഎന്‍ഒസിയുടെ പേര് മാറ്റി ഐഒസിയാക്കി ലോകം മുഴുവനും ഈ സംഘടന ഒറ്റപ്പേരില്‍ കോണ്‍ഗ്രസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഐഎൻഒസി യുടെ പ്രഥമ പ്രസിഡന്‍റായി ഡോ. മല്‍ഹോത്രിയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് എബ്രഹാമിനേയും വൈസ് പ്രസിഡന്‍റായി സാക്ക് തോമസ്, ജോയിന്‍റ് സെക്രട്ടറിയായി ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ട്രഷററായി ജോസ് ചാരുംമൂട് എന്നിവരേയും തെരഞ്ഞെടുത്തു.