യുറ്റി ഡാളസ് ഇന്‍റർനാഷണൽ വിദ്യാർഥികൾ ക്ലാസിൽ ഹാജരാകുന്നില്ലെങ്കിൽ രാജ്യം വിടണം
Wednesday, July 8, 2020 7:40 PM IST
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോളജുകളിൽ ഏറ്റവും കൂടുതൽ ഇന്‍റർ നാഷണൽ വിദ്യാർഥികളുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഡാളസ്) ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെന്‍റ് നിർദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ നടപടികൾ സ്വീകരിക്കുന്നു.

കേരളം ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഓഗസ്റ്റിൽ ആരംഭിക്കുന്ന ഫാൾ സീസണിൽ ഓൺലൈനിൽ മാത്രം കോളജ് കോഴ്സുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്‍റർനാഷണൽ വിദ്യാർഥികളെ ഫെഡറൽ ഇമിഗ്രേഷൻ നിയമങ്ങൾക്കനുസൃതമായി അമേരിക്കയിൽ തുടരാൻ അനുവദിക്കുന്നതല്ലായെന്ന് പ്രസിഡന്‍റ് റിച്ചാർഡ് ബെൻസൺ പറഞ്ഞു. എന്നാൽ വിദേശ വിദ്യാർഥികളെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.

നൂറു രാജ്യങ്ങളിൽ നിന്നുള്ള 5000 ത്തിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.രണ്ട് നിർദേശങ്ങളാണ് യൂണിവേഴ്സിറ്റി വിദേശ വിദ്യാർഥികളുടെ മുമ്പിൽ സമർപ്പിച്ചിരിക്കുന്നത്. കോളജിൽ നടക്കുന്ന ചില ക്ലാസുകളിലെങ്കിലും നേരിട്ട് ഹാജരാകുക. ഓൺലൈനിലാണ് എല്ലാം ക്ലാസുകളും എടുക്കുന്നതെങ്കിൽ രാജ്യം വിടുക. ഫാൾ സെമസ്റ്ററിൽ എഫ് വൺ വീസയുള്ള വിദ്യാർഥികൾക്ക് പഠനം തുടരണമെങ്കിൽ ക്ലാസിൽ ഹാജരാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും യൂണിവേഴ്സിറ്റി ചെയ്തു കൊടുക്കുമെന്ന് ജൂലൈ 7 നു പ്രസിഡന്‍റ് യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ ഫെയർ ചെയ്ത സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.

ഐസിഇയുടെ പുതിയ തീരുമാനം വിദേശ വിദ്യാർഥികളായി ഇവിടെ എത്തിയിരിക്കുന്ന വിദ്യാർഥികളെ സാരമായി ബാധിക്കുമെന്നറിയാമെങ്കിലും നിയമങ്ങൾ നടപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും പ്രസിഡന്‍റ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ