ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ച് ടെലിവിഷൻ വിതരണം ചെയ്തു
Tuesday, July 7, 2020 7:15 PM IST
ഡാളസ്: സെന്‍റ് പോൾസ് മാർത്തോമ ചർച്ച് കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനുകൾ വിതരണം ചെയ്തു. കേരള കൗൺസിൽ ഓഫ് ചർച്ച് വോളണ്ടിയേഴ്സ് മുഖേന 30 ടിവികളും മറ്റൊരു ഏജൻസി വഴി 6 ടിവികളും ഉൾപ്പെടെ 36 ടിവികളാണ് വിതരണം ചെയ്തത്.

റാന്നി കുന്നം മർത്തോമ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ കേരള കൗൺസിൽ ഓഫ് ചർച്ച് ഭാരവാഹികളിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക മറിയാമ വർഗീസ്, ഷീല വർഗീസ്, അനു വർഗീസ്, ബെറ്റി വർഗീസ് എന്നിവർ ചേർന്ന് കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടിവികൾ ഏറ്റുവാങ്ങി.


ഡാളസ് സെന്‍റ് പോൾസ് മർത്തോമാ ചർച്ച് ഇടവക വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) ഇടവക കമ്മിറ്റി, അംഗങ്ങൾ എന്നിവർക്കു പ്രിൻസിപ്പൽ നന്ദി പറഞ്ഞു. ലഭിച്ച സഹായത്തിന് പ്രധാനാധ്യാപിക മറിയാമ്മ വർഗീസ് വികാരിയച്ചനുൾപ്പെടെയുള്ളവർക്ക് നന്ദി പറഞ്ഞു.

കോവിഡ് മഹാമാരിക്കിടയിലും ദേവാലയങ്ങൾ അടഞ്ഞു കിടക്കുമ്പോഴും ഇത്തരമൊരു ആവശ്യം ഇടവകാംഗങ്ങളെ അറിയിച്ചപ്പോൾ മനസു തുറന്ന് സഹായം നൽകിയ ഒരോരുത്തർക്കും റവ. മാത്യു ജോസഫ് നന്ദി പറഞ്ഞു.

റിപ്പോർട്ട്:പി.പി. ചെറിയാൻ