ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് ഒ​റ്റ​ദി​വ​സം 8,076 കോ​വി​ഡ് കേ​സു​ക​ൾ
Thursday, July 2, 2020 10:06 PM IST
ഹൂ​സ്റ്റ​ണ്‍ : ക​ഴി​ഞ്ഞ​യാ​ഴ്ച തു​ട​ർ​ച്ച​യാ​യ മൂ​ന്നു ദി​വ​സ​വും റെ​ക്കോ​ർ​ഡു​ക​ൾ സൃ​ഷ്ടി​ച്ച ശേ​ഷം, ബു​ധ​നാ​ഴ്ച കോ​വി​ഡ് -19 കേ​സു​ക​ളി​ൽ ടെ​ക്സ​സ് സം​സ്ഥാ​നം മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു.
ജൂ​ലൈ 1 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്ഥാ​ന​ത്ത് 8,076 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു, ഇ​ത് പാ​ൻ​ഡെ​മി​ക് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ടെ​ക്സ​സ് സം​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ഒ​റ്റ​ദി​വ​സ​ത്തെ ക​ണ​ക്കാ​ണ്.

57 പു​തി​യ കോ​വി​ഡ്-19 അ​നു​ബ​ന്ധ മ​ര​ണ​ങ്ങ​ളും സം​സ്ഥാ​നം റി​പ്പോ​ർ​ട്ട് ചെ​യ്തു, ഇ​ത് ഏ​ക​ദി​ന മ​ര​ണ​സം​ഖ്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണ്. മെ​യ് 14 നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ, (58 പേ​ർ) മ​രി​ച്ച​ത്. ഇ​തു​വ​രെ സം​സ്ഥാ​ന​ത്താ​കെ 2,174,548 പേ​രെ ടെ​സ്റ്റ് ചെ​യ്തു. ഇ​പ്പോ​ൾ പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ നി​ര​ക്ക് 13.58 ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന​ത്തു മൊ​ത്തം ആ​കെ 6,904 ആ​ളു​ക​ൾ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഗ​വ.​ഗ്രെ​ഗ് അ​ബോ​ട്ട് ഗ​വ​ർ​ണ​ർ പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ബാ​റു​ക​ൾ വീ​ണ്ടും അ​ട​ച്ചു. മ​ദ്യം, ല​ഹ​രി​പാ​നീ​യ വി​ൽ​പ​ന​യി​ൽ നി​ന്ന് 51 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ന്ന ബാ​റു​ക​ളും സ​മാ​ന ബി​സി​ന​സു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.​

റി​പ്പോ​ർ​ട്ട് : അ​ജു വാ​രി​ക്കാ​ട്