നിഖിൽ രാഘവിന് 2020 പ്രസിഡന്‍റ് ഇന്നവേഷൻ അവാർഡ്
Thursday, May 28, 2020 1:51 AM IST
പെൻസിൽവാനിയ: ഹൂസ്റ്റൺ ഷുഗർലാന്റിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ സീനിയർ വിദ്യാർഥി നിഖിൽ രാഘവ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ 2020 പ്രസിഡന്‍റ് ഇന്നവേഷൻ അവാർഡിന് അർഹനായി. 100,000 ഡോളറിന്‍റെ അവാർഡും 50,000 ഡോളറിന്‍റെ ലിവിംഗ് സ്റ്റൈഫന്‍റുമാണ് നിഖിലിന് സമ്മാന തുകയായി ലഭിക്കുക.

വാർട്ടൺ (WHARTON) സ്കൂൾ മാനേജ്മെന്‍റ് ആൻഡ് ടെക്നോളജി, ഇലക്ട്രിക്കൽ എൻജിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസ് ആൻഡ് ഓപ്പറേഷൻ, ഇൻഫർമേഷൻ ആൻഡ് ഡിസിഷ്യൻസ് തുടങ്ങിയ ജെറോം ഫിഷർ പ്രോഗാമിൽ വിദ്യാർഥിയാണ് നിഖിൽ.

2016 ൽ ഗുട്ടമാനാണ് ഈ അവാർഡ് സ്ഥാപിച്ചത്. ആഗോളതലത്തിൽ സമൂല മാറ്റം വരുത്തുവാൻ ഉതകുന്ന ഗവേഷണങ്ങൾ നടത്തുന്ന പെൻസിൽവാനിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവാർഡ് കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്‍റർനെറ്റ് കണക്റ്റഡ് കംപ്യൂട്ടർ, വെബ് ആപ്ലിക്കേഷൻ, കംപ്യൂട്ടർ കൺട്രോൾഡ് മാനുഫാക്ചറിംഗ് തുടങ്ങിയ വിഷയങ്ങൾ അപഗ്രഥിച്ചു ലോകത്തിനു പകരാമാകുന്ന മാറ്റങ്ങൾ കൈവരിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ പ്രസ് റീലിസിൽ നിഖിൽ പറയുന്നു.

2019 ൽ ഇൻവെന്‍റ് XYZ എന്ന പ്രോജക്റ്റിന് തുടക്കം കുറിച്ചതായും അടുത്ത വർഷം കൂടുതൽ സീനിയർ വിദ്യാർഥികളെ ഉൾപ്പെടുത്തി പ്രോജക്റ്റ് ഡെവലപ്പ് ചെയ്യുമെന്നും യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ വിദ്യാർഥിയായ നിഖിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ