ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കും
Thursday, March 26, 2020 6:29 PM IST
ന്യൂയോർക്ക്: കൊറോണ വൈറസ് ആഗോള തലത്തില്‍ അതിവേഗത്തിൽ നിയന്ത്രണാതീതമായി പടർന്നു പിടിക്കുമ്പോഴും അതിനെ പ്രതിരോധിക്കുന്നതിന് ഒരു പരിധിവരെ പ്രയോജനപ്പെടുന്ന ഹാൻഡ് സാനിറ്റൈസറുകളുടെ വിൽപ്പന അമേരിക്കയുൾപ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. സാനിറ്റൈസറുകളുടെ ഉത്പാദനം പതിന്മടങ്ങു വർധിപ്പിച്ചിട്ടുവെങ്കിലും പല രാജ്യങ്ങളിലും ഹാൻഡ് സാനിറ്റൈസറുകള്‍ ആവശ്യത്തിനു ഇപ്പോഴും ലഭ്യമല്ല.വികസിത രാജ്യങ്ങളിലെ സ്ഥിതിയും ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല.

അണുബാധയുണ്ടാവാനുള്ള സാധ്യത ഒരു പരിധിവരെ ഹാൻഡ് സാനിറ്റൈസറുകള്‍ തടുക്കുമെന്നത് വാസ്തവം തന്നെ. എന്നാല്‍, എല്ലാ ഹാൻഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെതിരെ ഒരുപോലെ ഫലപ്രദമല്ല എന്നതാണ് വസ്തുത…!!

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന കാര്യം കൈകൾ വൃത്തിയായി സൂക്ഷിക്കണം എന്നതാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും ഉത്തമം എന്നാല്‍, എപ്പോഴും വെള്ളവും സോപ്പും ലഭ്യമാകണമെന്നില്ല. ആ അവസരത്തിലാണ് ഹാൻഡ് സാനിറ്റൈസറുകളുടെ ആവശ്യകത ഏറുന്നത്.

എന്നാല്‍, എല്ലാ ഹാൻഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെ പ്രതിരോധിക്കില്ല. അതായത്, ഹാൻഡ് സാനിറ്റൈസറുകള്‍ രണ്ട് തരമുണ്ട്. ആൽക്കഹോൾ അടങ്ങിയതും ആൽക്കഹോൾ ഇല്ലാത്തതും. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാൻ ലളിതവും സൗകര്യപ്രദവും പലപ്പോഴും എളുപ്പത്തിൽ ലഭ്യവുമാണ്. ഇത് കൊറോണ വൈറസിനെ കൂടുതല്‍ വേഗത്തില്‍ പ്രതിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, ആൽക്കഹോൾ അടങ്ങാത്ത ഹാൻഡ് സാനിറ്റൈസറുകള്‍ അണുക്കളെ പ്രതിരോധിക്കുമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകളേക്കാള്‍ മികച്ചതല്ല. ഇത്തരം സാനിറ്റൈസറുകളില്‍ ആൽക്കഹോളിന് പകരം ക്വാർട്ടർനറി അമോണിയം സംയുക്തങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കൊറോണ വൈറസ് വ്യാപകമായ ഈ അവസരത്തില്‍ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.എന്നിരുന്നാലും, കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും പ്രയോജനം ചെയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ