വളരെ 'പ്രധാനപ്പെട്ട പരീക്ഷണം' നടത്തിയതായി ഉത്തര കൊറിയ
Monday, December 9, 2019 11:33 AM IST
ന്യൂയോര്‍ക്ക്: ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച 'വളരെ പ്രധാനപ്പെട്ട' ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ.

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. വര്‍ഷാവസാനത്തോടെ അമേരിക്കയുടെ 'പ്രത്യേക ഇളവുകള്‍' നേടിയെടുക്കാന്‍ ഉത്തര കൊറിയയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോ എന്ന സംശയവും ബലപ്പെടുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് സോഹ സാറ്റലൈറ്റ് വിക്ഷേപണ ഗ്രൗണ്ടിലാണ് പരീക്ഷണം നടത്തിയതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൈറ്റില്‍ സാറ്റലൈറ്റ് ലോഞ്ചറുകളുടെ ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റിംഗ് എഞ്ചിനുകള്‍ പുനരാരംഭിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പടിഞ്ഞാറന്‍ ഉത്തര കൊറിയയിലെ കടല്‍ത്തീര പ്രദേശമായ ടോംഗ്ചാംഗ്‌റിയിലെ സോഹ വിക്ഷേപണ കേന്ദ്രമാണ് സമീപ വര്‍ഷങ്ങളില്‍ ഉത്തര കൊറിയ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ ഉപയോഗിച്ചത്. ലോക രാഷ്ട്രങ്ങളുടെ അപ്രീതി സമ്പാദിക്കുകയും യുഎന്‍ ഉപരോധം നേരിടുകയും ചെയ്ത, നിരോധിത മിസൈല്‍ സാങ്കേതിക വിദ്യയുടെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെതെന്നാണ് സംശയം.

സമാധാനപരമായ ബഹിരാകാശ വികസന പദ്ധതിയുടെ ഭാഗമാണ് ഉപഗ്രഹ വിക്ഷേപണമെന്ന് ഉത്തര കൊറിയ അറിയിച്ചു. എന്നാല്‍ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും സമാന വസ്തുക്കളും എഞ്ചിനുകളും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചുവെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം യുഎസുമായി ഉത്തരകൊറിയ ആണവ ചര്‍ച്ചകള്‍ നടത്തിയ ശേഷം വാഷിംഗ്ടണും സിയോളും പറഞ്ഞത് ടോംഗ്ചാംഗ്‌റി കേന്ദ്രത്തിന്റെ ചില ഭാഗങ്ങള്‍ ഉത്തര കൊറിയ പൊളിച്ചുമാറ്റി എന്നാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ ചാരസംഘടനയും ചില യുഎസ് വിദഗ്ധരും മാര്‍ച്ചില്‍ ഉത്തര കൊറിയ ഈ കേന്ദ്രം പുനഃസ്ഥാപിക്കുകയാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഉത്തരകൊറിയ ആണവവല്‍ക്കരണത്തിന് പ്രതിജ്ഞാബദ്ധമാണോ എന്ന കാര്യത്തില്‍ അന്നേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.


ഫെബ്രുവരിയില്‍ വിയറ്റ്‌നാമില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടന്ന രണ്ടാം ഉച്ചകോടിക്ക് ശേഷം യുഎസ് ഉത്തര കൊറിയ നയതന്ത്രം നിര്‍ജ്ജീവമായി തുടരുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ സ്വീകാര്യമായ പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് ഉത്തര കൊറിയ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസങ്ങളില്‍, ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലും മറ്റ് ആയുധ വിക്ഷേപണങ്ങളും നടത്തിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയില്‍, ഉത്തരകൊറിയയുടെ യുഎന്‍ അംബാസഡര്‍ കിം സോംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍, ആണവോര്‍ജവത്കരണം ഇതിനകം ചര്‍ച്ചയുടെ പട്ടികയില്‍ നിന്ന് പുറത്തായി എന്നാണ്. ആണവ നയതന്ത്രത്തില്‍ യുഎസിന് കാര്യമായ ഇളവുകള്‍ നല്‍കുന്നതിന് കിം നിശ്ചയിച്ചിട്ടുള്ള വര്‍ഷാവസാന സമയപരിധി ആയതിനാല്‍ ഉത്തരകൊറിയയ്ക്ക് അമേരിക്കയുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടം ഉത്തരകൊറിയയോടുള്ള 'ശത്രുതാപരമായ നയം' നിരന്തരം പിന്തുടരുകയാണെന്ന് പ്രസ്താവനയില്‍ ആരോപിക്കുന്നു. 'ആഭ്യന്തര രാഷ്ട്രീയ അജണ്ടയ്ക്ക് മാത്രമായി പ്യോംഗ് യാംഗുമായി സുസ്ഥിരവും ഗൗരവമേറിയതുമായ സംഭാഷണത്തിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന വാഷിംഗ്ടണിന്റെ അവകാശവാദവും അംബാസഡര്‍ എടുത്തു പറഞ്ഞു.

മെയ് മുതല്‍ ഉത്തരകൊറിയയുടെ 13 ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ ബുധനാഴ്ച അപലപിച്ചതിന് മറുപടിയായാണ് സോംഗിന്റെ പ്രസ്താവന. ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, ബെല്‍ജിയം, പോളണ്ട്, എസ്റ്റോണിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ 'അമേരിക്കയുടെ വളര്‍ത്തു നായകളെപ്പോലെയാണ് ഈ അടുത്ത നാളുകളില്‍ പെരുമാറുന്നത്' അദ്ദേഹം ആരോപിച്ചു. ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഉത്തരകൊറിയയുടെ നീതിപൂര്‍വകമായ നടപടികള്‍ക്കെതിരായ ഗുരുതരമായ മറ്റൊരു പ്രകോപനം എന്നാണ് അദ്ദേഹം അവരുടെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. 'അവരുടെ പെരുമാറ്റം മനഃപ്പൂര്‍വ്വം അമേരിക്കയെ പ്രശംസിക്കുന്ന നിന്ദ്യമായ പ്രവൃത്തിയെന്നല്ലാതെ മറ്റൊന്നും ഞങ്ങള്‍ കണക്കാക്കുന്നില്ല,' സോംഗ് പറഞ്ഞു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ