മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിന് ട്രംപിന്റെ മൂന്നാം പാദ ശമ്പളം സംഭാവന ചെയ്തു
Sunday, December 8, 2019 12:54 PM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ സ്വാധീനത്തിനെതിരേയുള്ള പോരാട്ടത്തിനും, മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്നും വിമോചിപ്പിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതിനു പ്രസിഡന്റ് ട്രംപ് ഈവര്‍ഷത്തെ മൂന്നാം പാദ ശമ്പളം സംഭാവന ചെയ്തു.

ഒരു ക്വാര്‍ട്ടറില്‍ (3 മാസം) 10,0000 ഡോളറാണ് പ്രസിഡന്റിനു പ്രതിഫലം ലഭിക്കുന്നത്. ഈ തുക മുഴുവനായും ഹെല്‍ത്ത് സെക്രട്ടറിയുടെ ഓഫീസില്‍ നല്‍കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

പ്രസിഡന്റിനു ലഭിക്കുന്ന പ്രതിഫലം ഒരു പെനി പോലും ഉപയോഗിക്കാതെ വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നു ഭരണം ഏറ്റെടുത്തപ്പോള്‍ തന്നെ പ്രസിഡന്റ് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം (രണ്ടാം ക്വാര്‍ട്ടര്‍) സര്‍ജന്‍ ജനറല്‍ ഓഫീസിനാണ് നല്‍കിയത്.

ആയിരക്കണക്കിനു മനുഷ്യജീവനുകളാണ് മയക്കുമരുന്നിനു അടിമകളാകുന്നതെന്നും, നിരവധി മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് അധികൃതര്‍ മുന്നോട്ടുവരുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനെതിരേ ബോധവത്കരണം നടത്തുന്നതിനു പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്ക് ഒരുമിച്ച് രാജ്യത്തെ യുവജനങ്ങളെ ഇതിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നതിനു കൈകോര്‍ക്കാണെന്നാണ് പ്രഥമ വനിത പ്രതികരിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍