ഔസേഫ് വര്‍ക്കി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Friday, December 6, 2019 9:03 PM IST
മയാമി: ഫോമാ സണ്‍ഷൈന്‍ റീജണില്‍ നിന്നും നാഷണല്‍ കമ്മിറ്റിയിലേക്ക് മയാമി മലയാളി അസോസിയേഷന്‍റെ സ്ഥാപക പ്രസിഡന്‍റ് ഔസേഫ് വര്‍ക്കി (വക്കച്ചന്‍ ) മത്സരിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി സൗത്ത് ഫ്ളോറിഡയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വക്കച്ചന്‍.

കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ സ്ഥാപകരിലൊരാളായ വക്കച്ചന്‍ സമാജത്തിന്‍റെ കമ്മിറ്റി അംഗമായി പല തവണയും പിന്നീട് ട്രഷറര്‍ , പ്രസിഡന്‍റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മയാമി മലയാളി അസോസിയേഷന്‍റെ (എംഎംഎ ) സ്ഥാപക പ്രസിഡന്‍റ് , കുറവിലങ്ങാട് സംഗമം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ സ്ഥാപക പസിഡന്‍റ്, സൗത്ത് ഫ്ളോറിഡ സീനിയര്‍ ഫോറം ഓര്‍ഗനൈസര്‍ , ഫോമാ സീനിയര്‍ ഫോറം നാഷണല്‍ കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോളത്തെ ഫോമാ ഫ്ളോറിഡാ റീജണല്‍ സീനിയര്‍ ഫോറം കമ്മിറ്റയില്‍ പ്രവര്‍ത്തിക്കുന്നു.

1970- 80 കളില്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തു യാതനകളും കഷ്ടപ്പാടുകളും അനുഭവിച്ചു കേരളത്തെയും സമൂഹത്തെയും കുടുംബത്തെയും കരകയറ്റിയ ഒട്ടനേകം സീനിയര്‍ സിറ്റിസണ്‍സ് അമേരിക്കയില്‍ നമ്മുടെ ഇടയില്‍ ഉണ്ട്.

അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഫോമാ പോലെയുള്ള ഒരു ദേശിയ സംഘടനക്ക് കഴിയും. അതിനു വേണ്ടി എല്ലാ തലത്തിലും പ്രവര്‍ത്തിക്കും. സണ്‍ഷൈന്‍ റീജണിലുള്ള എല്ലാ സംഘടനകളുടെയും പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം