കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി
Wednesday, May 18, 2022 3:21 PM IST
സെബി മാത്യു
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും. വിവാഹ ആഘോഷങ്ങള്‍, മതപരമായ ആഘോഷങ്ങള്‍, തുടങ്ങി ഔദ്യോഗിക ചടങ്ങുകളിൽ പാട്ടു വയ്ക്കുന്നത് പകര്‍പ്പവകാശത്തിന്‍റെ പരിധിയില്‍ വരുമോ എന്നു പരിശോധിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിദഗ്ധനെ നിയോഗിച്ചു.

മലയാളിയും ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഡോ. അരുള്‍ ജോര്‍ജ് സ്‌കറിയ ജൂലൈ ആറിനു മുന്‍പായി ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദീപികയോട് പറഞ്ഞു.

സിനിമ പാട്ടുകള്‍ ഉള്‍പ്പടെ ആഘോഷ വേളകളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് രാജ്യത്ത് വിവിധ ഹൈക്കോടതികളില്‍ പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ചു നിലവിലുള്ള കേസുകളില്‍ ഈ സമിതിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും.

നിലവില്‍ വിവാഹം ഉള്‍പ്പടെയുള്ള ആഘോഷ വേളകളിളും ഡിജെ പാര്‍ട്ടികളിലും പകര്‍പ്പവകാശമുള്ള പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍ പകര്‍പ്പവകാശ നിയമത്തിന്‍റെ 52(1) ഇസഡ് എ വകുപ്പു പ്രകാരം ഇളവുണ്ട്. എന്നാല്‍, നിലവില്‍ വിവാഹ ചടങ്ങുകള്‍ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പുകളുടെ ആസൂത്രണത്തില്‍ വളരെ വിപുലമായി നടക്കുന്ന സാഹചര്യത്തില്‍ പാട്ടുകള്‍ക്ക് റോയല്‍റ്റി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിവാഹ ഇതര ചടങ്ങുകളിലും ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പുകളുടെ ആസൂത്രണത്തില്‍ നടക്കുമ്പോള്‍ സിനിമ ഗാനങ്ങള്‍ ഉള്‍പ്പടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, ഗായകര്‍, സൗണ്ട് റിക്കാര്‍ഡിംഗ് പ്രൊഡ്യൂസര്‍മാര്‍ എന്നിവരുടെ പകര്‍പ്പവകാശത്തെ ബാധിക്കും എന്നാണ് ജസ്റ്റീസ് പ്രതിഭ എം. സിംഗ് നിരീക്ഷിച്ചത്.

വിഷയത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിയമപരമായ സാധ്യതകളും സാഹചര്യങ്ങളും വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ഡോ. അരുള്‍ ജോര്‍ജ് സ്‌കറിയയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പകര്‍പ്പവകാശമുള്ള സൗണ്ട് റിക്കാര്‍ഡുകള്‍ (ഗാനങ്ങള്‍) ഉപയോഗിക്കുന്നതിന് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തണം എന്നു ചൂണ്ടിക്കാട്ടി ഫോണോഗ്രഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (പിപിഎല്‍) നില്‍കിയ ഹര്‍ജിയിലാണ് കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള പാട്ടുകള്‍ ലുക്ക്പാര്‍ട്ട് എക്‌സിബിഷന്‍സ് ആൻഡ് ഇവന്‍റ്സ് എന്ന ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി വ്യാപകമായി ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് പിപിഎല്‍ കോടതിയെ സമീപിച്ചത്.

ലൈസന്‍സ് എടുത്തു മാത്രമേ തങ്ങളുടെ പാട്ടുകള്‍ ഉപയോഗിക്കാവൂ എന്ന ആവശ്യം ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി നിരാകരിച്ചു എന്നാണ് പരാതി. എന്നാല്‍, പകര്‍പ്പവകാശ നിയമത്തിലെ 52(1)ഇസഡ് എ വകുപ്പു പ്രകാരം ഈ ഗാനങ്ങള്‍ വിവാഹ ആഘോഷങ്ങളിലും മറ്റും ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നാണ് ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ വാദം. ഇതോടെയാണ് നിയമവശങ്ങള്‍ പഠിക്കാന്‍ കോടതി ഡോ. അരുള്‍ ജോര്‍ജ് സ്‌കറിയയെ നിയോഗിച്ചത്. ചങ്ങനാശേരി സ്വദേശിയായ ഡോ. അരുള്‍ കരിക്കംപള്ളി കുടുംബാംഗമാണ്.