ലൈവ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതർ' ആവേശകരമായ പരിസമാപ്തിയിലേക്ക്
Saturday, August 8, 2020 6:49 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതർ' ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക്.

സെപ്റ്റംബർ ആദ്യം യുകെയിൽ സ്‌കൂളുകൾ തുറക്കുന്നതിനാൽ ഓഗസ്റ്റ് 31 നു (തിങ്കൾ) യു കെ സമയം വൈകുന്നേരം 5 ന് ( ഇന്ത്യൻ സമയം രാത്രി 9 .30 ന്) ബംഗളൂരുവിൽ നിന്നുള്ള കുട്ടികളുടെ തിരുവോണ ദിന സ്പെഷൽ പരിപാടിയോടെ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതർ' ലൈവ് ഷോയ്ക്ക് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കും.

സ്വാതന്ത്ര്യദിനം, തിരുവോണം സ്പെഷലുകൾ ഉൾപ്പടെ 12 ലൈവുകളാണ് ഓഗസ്റ്റിൽ നടക്കുന്നത്. "സൂപ്പർ വീക്ക്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓഗസ്റ്റിലെ അവസാന ആഴ്ചയിൽ മാത്രം നാല് ലൈവ് പരിപാാടികളാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്കൂളുകളും യൂണിവേഴ്സിറ്റികളും സെപ്റ്റംബർ മുതൽ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പെർഫോം ചെയ്യാൻ വേണ്ടി മാത്രമായി തുടങ്ങിയ ലൈവ് ഷോ തുടർന്നു കൊണ്ടു പോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഓഗസ്റ്റ് അവസാനത്തോടെ നിർത്തുവാൻ സംഘാടകർ നിർബന്ധിതരായത്.

ഓഗസ്റ്റ് നാലിന് ആരംഭിച്ച ഓഗസ്റ്റ് മാസത്തെ ഷോയിൽ രണ്ടാമത്തെ ലൈവ് മാഞ്ചസ്റ്ററിൽ നിന്നുള്ള രണ്ട് കലാപ്രതിഭകൾ പെർഫോം ചെയ്യുവാനെത്തുന്നത് എട്ടിന് (ശനി) ആണ്. തുടർന്ന് 11 ന് (ചൊവ്വ) മാഞ്ചസ്റ്ററിൽ നിന്നുതന്നെ രണ്ട് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 13 ന് (വ്യാഴം) ലൈവിലെത്തുന്നത് നോട്ടിംഗ്ഹാമിൽ നിന്നുള്ള അഞ്ച് കലാവിസ്മയങ്ങളാണ്. 15ന് (ശനി) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ, സ്വാതന്ത്ര്യദിന സ്പെഷലുമായി എത്തുന്നത് ബെർമിംഗ്ഹാമിൽ നിന്നുള്ള നാല് സംഗീത വിസ്മയങ്ങളാണ്. 18 ന് (ചൊവ്വ) നടക്കുന്ന ഷോയിൽ ലെസ്റ്ററിൽ നിന്നുള്ള മൂന്ന് കലാകൗമാരങ്ങൾ ലൈവിലെത്തുമ്പോൾ, 20 നു (വ്യാഴം) ഷോയിലെത്തുന്നത് നോർത്താംപ്ടണിൽ നിന്നുള്ള മൂന്ന് കുരുന്നു പ്രതിഭകളാണ്.
22നു (ശനി) കേംബ്രിഡ്ജിൽ നിന്നുള്ള മൂന്ന് കലാമുകുളങ്ങൾ ലൈവിലെത്തുമ്പോൾ 25നു (ചൊവ്വ) അരങ്ങിലെത്തുന്നത് ലണ്ടനിൽ നിന്നുള്ള ആറ് കലാവിസ്മയങ്ങളാണ്. 27 നു (വ്യാഴം) പീറ്റർബറോയിൽ നിന്നുള്ള രണ്ട് കുരുന്നു പാട്ടുകാർ ലൈവിലെത്തുമ്പോൾ 29 ന് (ശനി) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് കാർഡിഫിൽ നിന്നുള്ള രണ്ട് സംഗീത വിസ്മയങ്ങളാണ്.
‌ഷോയുടെ അവസാന ദിവസമായ 31 നു (തിങ്കൾ) തിരുവോണദിന സ്പെഷൽ അവതരിപ്പിക്കുന്നത് ബംഗളുരുവിൽ നിന്നുള്ള മൂന്ന് കുട്ടികളാണ്.

മേയ് 28ന് ആരംഭിച്ച ലൈവ് ഷോ ഇതിനോടകം വളരെ വിജയകരമായ 20 ലൈവുകൾ പൂർത്തിയാക്കി കഴിഞ്ഞു. സംഗീതോപകരണങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് വിദ്യാർഥികൾക്കുവേണ്ടി ആരംഭിച്ച ഷോയിൽ 20 ലൈവുകളിലായി ഇതിനോടകം 54 കൗമാര പ്രതിഭകൾ പ്രേക്ഷകർക്ക് മുന്നിൽ തങ്ങളുടെ കഴിവ് പ്രദർശിപ്പിച്ചു കഴിഞ്ഞു.

പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, ഫ്ളൂട്ട്, ഡ്രംസ്, മൗത്ത് ഓർഗൻ, ചെല്ലോ, ചെണ്ട, മൃദംഗം, റിഥം പാഡ് എന്നിങ്ങനെ വിവിധങ്ങളായ സംഗീതോപകരണങ്ങൾ, തികഞ്ഞ പ്രഫഷണുകളെ പോലും അതിശയിപ്പിക്കുന്ന വിധത്തിൽ പെർഫോം ചെയ്യുന്ന പ്രതിഭകളോടൊപ്പം അനുഗ്രഹീതരായ കുട്ടിപാട്ടുകാരും ചേർന്നപ്പോൾ പ്രേക്ഷകരേയും സംഘാടകരേയും അതിശയിപ്പിക്കുന്ന വിധത്തിൽ ഷോയുടെ നിലവാരം ഉയരുകയായിരുന്നു.

ലൈവ് ഷോയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും യുക്മയുടെ ആഭിമുഖ്യത്തിൽ ഷോയുടെ അവസാന ലൈവിനു ശേഷം സർട്ടിഫിക്കറ്റുകൾ നേരിട്ട് എത്തിച്ച് നൽകുന്നതിന് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായി വരുന്ന മുറയ്ക്ക് ലൈവിൽ പങ്കെടുത്ത മുഴുവൻ കലാപ്രതിഭകളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മെഗാ സ്റ്റേജ് ഷോയ്ക്കും സംഘാടകർ ആലോചിക്കുന്നുണ്ട്.

എട്ടു വയസു മുതൽ 21 വയസുവരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഷോയുടെ വിജയകരമായ നടത്തിപ്പിന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരോടൊപ്പം കുട്ടികൾക്കാവശ്യമായ സാങ്കേതിക സഹായവുമായി റെക്സ്‌ ബാന്‍റ് യുകെ യുടെ റെക്സ് ജോസ്, ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും സംഘാടക സമിതിക്കൊപ്പമുണ്ട്.

റിപ്പോർട്ട്: കുര്യൻ ജോർജ്