ഡിഎംഎ ഭാഷാ പഠനം: ഓൺലൈൻ പ്രവേശനോത്സവം അരങ്ങേറി
Monday, August 3, 2020 6:09 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാള ഭാഷാ പഠനത്തിന്‍റെ ദക്ഷിണ മേഖലയിലെ പ്രവേശനോത്സവം ഓൺലൈനിലൂടെ അരങ്ങേറി.

ഡിഎംഎ ലാജ്പത് നഗർ ഏരിയയിലെ കുട്ടികളുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങുകൾ മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ ഉദ്ഘാടനം ചെയ്‌തു. ഡിഎംഎ അംബേദ്‌കർ നഗർ-പുഷ്‌പ വിഹാര്‍ ഏരിയ ചെയർമാൻ പി.ആർ നായർ അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി എം.സി. അരവിന്ദൻ, ഡിഎംഎ മുൻ അഡ്വൈസറി ബോർഡ് അംഗം ജോൺ ഫിലിപ്പോസ്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ , വൈസ് പ്രസിഡന്‍റും മലയാളം മിഷൻ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്‍റുമായ കെ.ജെ. ടോണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കേന്ദ്രകമ്മിറ്റി അംഗവും മലയാളം മിഷൻ കോഓർഡിനേറ്ററുമായ സുജ രാജേന്ദ്രൻ വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചു സംവാദം നടത്തി. ഡിഎംഎ ബദർപ്പൂർ ഏരിയ സെക്രട്ടറി ടി. അനിരുദ്ധൻ നന്ദി പറഞ്ഞു.

ഏരിയകളിൽ നിലവിലുള്ള മലയാളം ക്ലാസിലെ കുട്ടികളും പുതിയതായി ചേർന്ന കുട്ടികളും രക്ഷാകർത്താക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഗൂഗിൾ മീറ്റിലൂടെ നടത്തിയ പ്രവേശനോത്സവത്തിന്‍റെ നിയന്ത്രണവും ഏകോപനവും വി.ആർ. രതീഷ് നടത്തി. തുടർന്നു മലയാളം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കഥാ പാരായണം, കവിത പാരായണം, ഗാനാലാപനം എന്നിവയോടെ പരിപാടികൾ സമാപിച്ചു.

ഡിഎംഎയുടെ അംബേദ്‌കർ നഗർ-പുഷ്‌പ വിഹാര്‍, ലാജ്പത് നഗര്‍, ബദര്‍പ്പൂര്‍, സൗത്ത് നികേതന്‍ എന്നീ ഏരിയകൾ സംയുക്തമായാണ് മലയാളം മിഷന്‍റെ ഭാഷാ പഠനത്തിനുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചത്.

റിപ്പോർട്ട്: പി.എൻ. ഷാജി