ബ്രിട്ടന്‍ വീസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി
Saturday, August 1, 2020 9:13 PM IST
ലണ്ടൻ: രണ്ടാംഘട്ട കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്ന അവസ്ഥയിൽ ബ്രിട്ടീഷ് സർക്കാർ വീസ കാലാവധി നീട്ടി നൽകി. കാലാവധി തീർന്നതും തീരുന്നതുമായ വീസകളുടെ കാലാവധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടി നൽകിയത്. കോവിഡിനെ തുടർന്ന് ഇതു മൂന്നാം തവണയാണ് വീസ കാലാവധി നീട്ടുന്നത്. നേരത്തെ മേയ് 31 വരെയും പിന്നീട് ജൂലൈ 31 വരെയും വീസ കാലാവധി നീട്ടി നൽകാൻ സർക്കാർ ഉത്തരവായിരുന്നു.

കൊറോണ നിയന്ത്രണങ്ങൾ തുടരുന്നതു മൂലം നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാത്തവർക്കും ജനുവരി 24നു ശേഷം വീസ കാലാവധി തീർന്നവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാണ്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിൽ വന്ന വിലക്കും വിമാനസർവീസുകൾ നിർത്തി വച്ചതുമാണ് യാത്രക്കാരായ വിദേശികൾക്ക് തടസമായത്. ജനുവരി 24 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ 40,000ത്തിൽ അധികം പേരുടെ വീസയാണ് കാലാവധി തീർന്നത്. നിലവിൽ കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാൽ വീണ്ടും കാലാവധി നീട്ടി നൽകുകയാണ്. വീസ കാലാവധി തീർന്നിട്ടും യുകെയിൽ തുടരുന്നതുമൂലം ഭാവിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഹോം ഓഫീസുമായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ