കോവിഡും പെട്രോള്‍, ഡീസല്‍ വിലയുമാണ് മോദി അണ്‍ലോക്ക് ചെയ്തത്: രാഹുൽ
Wednesday, June 24, 2020 6:53 PM IST
ന്യൂഡല്‍ഹി: കൊറോണ മഹാമാരിയും പെട്രോള്‍, ഡീസല്‍ വിലകളുമാണ് മോദി സര്‍ക്കാര്‍ അണ്‍ലോക്ക് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് കേസുകള്‍ നാലര ലക്ഷം കടക്കുകയും പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസേന തുടര്‍ച്ചയായി കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ രാഹുല്‍ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണവും പെട്രോള്‍, ഡീസല്‍ വിലകളും ദിനംപ്രതി കുത്തനെ കൂടുന്നതിന്‍റെ ഗ്രാഫ് സഹിതമാണ് ട്വിറ്ററില്‍ രാഹുല്‍ വിമര്‍ശനം നടത്തിയത്. കൊറോണ വൈറസിനെയും ഇന്ധന വിലയെയുമാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ തുറന്നുവിട്ടത്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച 4.56 ലക്ഷം കടന്നു. തുടര്‍ച്ചയായ 17 ദിവസം പെട്രോള്‍, ഡീസല്‍ വിലകള്‍ കൂട്ടിയ ശേഷം പതിനെട്ടാം ദിവസമായ ഇന്നലെയും ഡീസല്‍ വില വര്‍ധിപ്പിച്ചു. ഇതോടെ സമീപവര്‍ഷങ്ങളില്‍ ആദ്യമായി ഡീസലിന്‍റെ വില പെട്രോളിനെ മറികടന്നതും പുതുചരിത്രമായി.

ചൈനയുമായുള്ള അതിര്‍ത്തി സംഘട്ടനത്തില്‍ 20 സൈനികര്‍ വീരമ്യൂത്യു വരിച്ച സംഭവത്തിലും സാമ്പത്തിക തകര്‍ച്ചയിലും കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളിലും മോദി സര്‍ക്കാരിനെതിരേ രാഹുല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും പെട്രോള്‍ ഡീസല്‍ വിലകള്‍ ദിവസേന കൂട്ടുകയും ചെയ്ത മോദി സര്‍ക്കാരിനെതിരേ പുതിയ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്.