ഡൽഹിയിൽ പതിനെട്ട് തൊഴിലാളികള്‍ കൂടി മരിച്ചു; പ്രതിപക്ഷ യോഗം മേയ് 23 ന്
Tuesday, May 19, 2020 8:09 PM IST
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്നു ജോലിയും കൂലിയും പണവുമില്ലാതെ സ്വന്തം നാടുകളിലേക്കു മടങ്ങിയ 18 ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി ഇന്നലെ നാലു വ്യത്യസ്ഥ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. യുപിയിലെ റോഡപകടത്തില്‍ ശനിയാഴ്ച പുലര്‍ച്ച 26 തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്. പാലായനം ചെയ്യേണ്ടിവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മരണങ്ങളും കൊടിയ ദുരിതവും ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സോണിയ ഗാന്ധി പ്രതിപക്ഷ നേതൃയോഗം വിളിച്ചു.

സോണിയയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് 15 പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥിരീകരിച്ചു. പാവങ്ങളുടെയും അസംഘടിത, ഇതര സംസ്ഥാന തൊഴിലാളികളുടെയും കാര്യത്തില്‍ സര്‍ക്കാരും പൊതുസമൂഹവും പരാജയപ്പെട്ടതാണ് ദുരന്തങ്ങളും ദുരിതങ്ങളും തുടരുന്നതെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

തൊഴിലാളികള്‍ക്കു ഭക്ഷണവും യാത്രാസൗകര്യങ്ങളും പണവും നല്‍കാതെ കഷ്ടപ്പെടുത്തിയതിന് മോദി സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ മാസം 31 വരെ നാലാം തവണയും രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയതിനെ തുടര്‍ന്നു തൊഴിലാളികളായ പതിനായിരങ്ങളാണു നൂറുകണക്കിനു കിലോമീറ്റുകള്‍ താണ്ടി പാലായനം തുടരുന്നത്.

യുപിയില്‍ രണ്ടും മഹാരാഷ്ട്രയിലും ബിഹാറിലും ഓരോന്നും വീതവും റോഡപകടങ്ങളിലാണ് 18 ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷവും ഇന്നലെയുമാണ് അപകടങ്ങളുണ്ടായത്. യുപിയിലെ ഝാന്‍സി- മിര്‍സാപൂര്‍ ഹൈവേയില്‍ ട്രക്കിന്‍റെ ടയര്‍ പൊട്ടി മറിഞ്ഞാണ് അതില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്നു സ്ത്രീ തൊഴിലാളികള്‍ മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ഡല്‍ഹിയില്‍ നിന്ന് നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നു വരികയായിരുന്ന 17 തൊഴിലാളികളാണ് ഇടയ്ക്കു വച്ച് ട്രക്ക് ഡ്രൈവറുടെ കാരുണ്യത്തില്‍ അപകടത്തില്‍ പെട്ട ലോറിയില്‍ കയറിയത്.


ആഗ്ര- ലക്‌നൗ ഹൈവേയില്‍ ലക്‌നൗവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ ഉന്നാവോയില്‍ മറ്റൊരു ട്രക്ക് അപകടത്തില്‍ പെട്ട് രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് യുപിയിലെ ആസംഗഡിലേക്കു പോകുകായിരുന്നു തൊഴിലാളികള്‍. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലൈ റോഡപകടത്തില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നു മഹാരാഷ്ട്രയിലെ സോളാപൂരിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ബിഹാറിലെ ഭഗല്‍പൂരിനു സമീപം നോഗാച്ചിയയില്‍ ഇന്നലെയുണ്ടായ റോഡപകടത്തില്‍ ഒമ്പതു ഇതരസംസ്ഥാന തൊഴിലാളികളാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേറ്റിറ്റുണ്ട്.

കഴിഞ്ഞ 10 ദിവസത്തില്‍ മാത്രം ചുരുങ്ങിയത് 50 ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍. ജോലിയില്ലാതായതിനെ തുടര്‍ന്നു സ്വന്തം ഗ്രാമങ്ങളിലേക്കു തിരികെ പോകുന്നവരാണു മരിച്ച തൊഴിലാളികളെല്ലാം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ നിന്നു നൂറു രൂപ പോലും കിട്ടിയില്ലെന്ന് ഉന്നവോയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നു ദിവസങ്ങളായി റോഡിലൂടെ നടന്നു തളര്‍ന്നപ്പോഴാണു കിട്ടിയ ലോറിയില്‍ കയറിയതെന്നും അവര്‍ വിശദീകരിച്ചു.

നിര്‍മാണ ജോലികളും കടകളും ചായക്കടകളും വരെ രണ്ടു മാസത്തോളമായി അടച്ചിട്ടതിനെ തുടര്‍ന്ന് ദിവസക്കൂലിക്കാരായ തൊഴിലാളികളും അസംഘടിതരായ മറ്റു തൊഴിലാളികളുമെല്ലാം തീരാദുരിതത്തിലായിരുന്നു. പട്ടിണി കിടന്നു മരിക്കുമെന്ന സ്ഥിതിയിലാണു നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നു വീട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരായതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു സഹായവും നല്‍കിയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.