ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യൂ ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ
Tuesday, May 19, 2020 6:51 PM IST
പാപ്പുവ ന്യൂ ഗിനി: മലയാളിയായ ഡോ. ഫിലിപ്പ് കടുതോടിക്ക് പാപ്പുവ ന്യു ഗിനി പ്രധാനമന്ത്രിയുടെ പ്രശംസ. എഡ്യൂക്കേഷണൽ മാനേജ്മെന്‍റിൽ രചിച്ച നാലു പുസ്തകങ്ങളെ സംബന്ധിച്ചാണ് പ്രധാനമന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ജയിംസ് മരാപ്പേ അഭിനന്ദന മറിയിച്ചത്.

ഏഴു ഭാഷകളിലായി ജർമനിയിലെ ലാംബർട്ട് അക്കാഡമിക് പബ്ലിഷേർസ് പ്രസിദ്ധീകരിച്ച ഈ ഗവേഷണ പുസ്തകങ്ങൾ മോർ ബുക്സ് കന്പനിയാണ് ആഗോള തലത്തിൽ വിതരണം ചെയ്യുന്നത്.

പാപ്പുവ ന്യൂ ഗിനിയിൽ ഗോരോക്ക സർവകലാശാലയിൽ സെന്‍റർ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ഡയറക്ടറായി സേവനം ചെയ്തുവരികയാണ് ഡോ. ഫിലിപ്പ് ജോസഫ് കടുതോടി.

പ്രധാനമന്ത്രിയുടെ പ്രശംസയിൽ പാപ്പുവ ന്യൂ ഗിനിയിലെ വത്തിക്കാൻ അംബാസഡറും ആർച്ച് ബിഷപ്പുമായ ഡോ. കുര്യൻ വയലുങ്കൽ, സർവകലാശാലാ ചാൻസലർ, പ്രൊ ചാൻസലർ, വൈസ് ചാൻസലർ, കേരള ഹൈക്കോടതി മുൻ ജഡ്ജി ഹറൂൺ അൽ റഷീദ് എന്നിവരും അഭിനന്ദിച്ചു.

കോട്ടയം കിടങ്ങൂർ സ്വദേശിയായ ഡോ. ഫിലിപ്പ് ജോസഫ്, എറണാകുളം മഹാരാജാസ് കോളജിൽനിന്നും പൊളിറ്റിക്സിൽ എംഎയും ബോംബേ സെന്‍റ് സേവ്യേഴ്സ് കോളജിൽനിന്നും ബിഎഡും മദ്രാസ് സർവകലാശാലയിൽനിന്നും എഡ്യൂക്കേഷണൽ മാനേജ്മെന്‍റിൽ എംഎഡും എംഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രഫ. രാജാ ഗണേശന്‍റെ മാർഗനിർദേശത്തിലാണ് അദ്ദേഹം ഡോക്ടറൽ സ്റ്റഡീസ് ചെയ്തത്.