കേരളത്തിനു പുറത്തുള്ളവരെയും പ്രവാസികളായി അംഗീകരിക്കണം: ഡിഎംഎ
Thursday, May 7, 2020 8:24 PM IST
ന്യൂ ഡൽഹി: കേരളത്തിനു പുറത്തു താമസിക്കുന്ന എല്ലാ മലയാളികളെയും പ്രവാസികളായി അംഗീകരിക്കണമെന്ന് ഡൽഹി മലയാളി അസോസിയേഷൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച കത്തിലൂടെയാണ് ഇക്കാര്യം ഡിഎംഎ ആവശ്യപ്പെട്ടത്. പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പു വച്ചിരിക്കുന്നത്.

ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും ഉപജീവനമാർഗം തേടിയെത്തിയ മലയാളികളെ പ്രവാസികളായി അംഗീകരിക്കുന്നതിനുവേണ്ട സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ ശ്രദ്ധ ചെലുത്താമെന്ന് ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഡിഎംഎ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ കേരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ സൂചിപ്പിച്ച കാര്യം കത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥ് ഓർമിപ്പിച്ചു.

കോവിഡിന്‍റെ വ്യാപനം തടയുന്നതിനും ഫലപ്രദമായ ചികിത്സാരീതിയിലൂടെ ലോകത്തിനു മാതൃകയുമായ കേരള സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഡൽഹിയിലെ കേരള ഹൗസിലൊരുക്കിയ ഹെൽപ്പ് ലൈൻ സംവിധാനത്തോടൊപ്പം കേരളത്തിലെ പ്രഗത്ഭ ഡോക്ടർമാരുടെ സേവനം കൂടി ഒരുക്കിയാൽ ഡൽഹി മലയാളികൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്നും ഡിഎംഎ ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: കെ.എം. ഷാജി