കോറോണ ഭീതിയിൽ മാതൃകയായി ഫരിദാബാദ് രൂപതയുടെ വീഡിയോ കോൺഫറൻസ്
Wednesday, May 6, 2020 12:23 PM IST
ന്യൂഡൽഹി: നോവൽ കോറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ഫരിദാബാദ് രൂപതയിലെ മേലദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ വൈദിക കൂട്ടായ്മയുടെ യോഗം മേയ് അഞ്ചിനു ഓൺലൈനായി നടത്തി. വൈറസ് ബാധയിൽ സഞ്ചാര സാഹചര്യമില്ലാത്തതിനാൽ ടെലി- കോൺഫറൻസ് ആപ്ലിക്കേഷൻ വഴിയായിരുന്നു യോഗം. രൂപതയുടെ സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും രൂപതയിലെ വൈദികരും വൈദിക വിദ്യാർഥികളുമാണ് യോഗത്തിൽ പങ്കെടുത്തത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ രുപതയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. രൂപതയിലെ ഇടവകകളുടെയും സംഘടനകളുടെയും ചാർജ് ഉള്ള വൈദീകരോട് മേലധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കുകയും വിലയിരുത്തലിന്റെ ഭാഗമായി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. വയറസ് ബാധയുടെ സാഹചര്യത്തിൽ രൂപതയുടെ വിവിധ ഇടവകകൾ വഴിയായി നടത്തുന്ന സഹായക പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തപ്പെട്ടു. അതിന്റെ ഭാഗമായി നടത്തുന്ന ഭക്ഷണസാമഗ്രമികളുടെ സജ്ജീകരണത്തേയും ഓൺലൈയിൻ സംപ്രേക്ഷണങ്ങളെയും മത്സരങ്ങളെയും മറ്റ് പ്രവർത്തനങ്ങളെയും ഇതിന് നേതൃത്വം നൽകുന്നവരെയും രൂപതാദ്ധ്യക്ഷൻ പ്രത്യേകം അഭിനന്ദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. കോവിഡ് വൈറസ്ബാധ നീളുന്നതിനാൽ സാമൂഹിക പ്രവർത്തനങ്ങൾ തുടരണമെന്നും ഇവയിൽ ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടവകകളിൽ ആയിരിക്കുന്ന വൈദികരോടും ജനങ്ങളോടും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും സുരക്ഷിതരായിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും വൈറസ് ബാധയുടെ നിർമ്മാർജനത്തിനായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും രൂപതാദ്ധ്യക്ഷൻ നിർദേശിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ചർച്ചകൾക്കുമായി സംഘടനാ തലങ്ങളിലും മറ്റ് തലങ്ങളിലും തുടർന്നും ഓൺലൈൻ കോൺഫറൻസുകൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഒരു പ്രാർത്ഥയോട് കൂടെ വൈദിക യോഗം അവസാനിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്