രാജ്യത്തെ 20 ലക്ഷം കടകള്‍ സുരക്ഷിതമാക്കാന്‍ പദ്ധതി
Monday, April 13, 2020 7:09 PM IST
ന്യൂഡല്‍ഹി: സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്താകെയുള്ള 20 ലക്ഷം പലചരക്കു കടകളും തുണിക്കടകളും ഉപഭോക്തൃ ഉത്പന്ന കടകളും മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുള്ള സുരക്ഷാ സ്റ്റോറുകളാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.

വന്‍കിട സ്വകാര്യ കമ്പനികളുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയനുസരിച്ച് 45 ദിവസം കൊണ്ട് മുഴുവന്‍ ചെറുകിട, ഇടത്തരം കടകളെയെല്ലാം ശുചിത്വവും സാമൂഹിക അകലവും ഉറപ്പാക്കുന്ന സുരക്ഷാ സ്റ്റോറുകള്‍ ആക്കാനാണു ലക്ഷ്യം. ഇതോടൊപ്പം രാജ്യത്തെങ്ങുമുള്ള ഫാക്ടറികളിലും ഉത്പാദന യൂണിറ്റുകളും സമാനമായ സുരക്ഷാ പദ്ധതി നടപ്പാക്കും.‌

വലുതും ചെറുതുമായ കടകള്‍ക്കു പുറത്തും കാഷ് കൗണ്ടറുകളിലും അടക്കം ഒന്നര മീറ്റര്‍ അകലം മുതല്‍ സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണു നടപ്പാക്കുക. പദ്ധതി നടപ്പാക്കാനായി രാജ്യത്തെ 50 പ്രമുഖ വന്‍കിട കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അതേപടി കര്‍ശനമായി നടപ്പാക്കാന്‍ നിലവിലുള്ള എല്ലാ ചെറുകിട കച്ചവടക്കാര്‍ക്കും കഴിയുമോയെന്ന ആശങ്ക ശക്തമാണ്. ഇപ്പോള്‍ തന്നെ നഷ്ടത്തിലായ കച്ചവടക്കാര്‍ക്കും ഫാക്ടറികള്‍ക്കും പുതി നിബന്ധനകള്‍ ഉയര്‍ത്തുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ കേന്ദ്രം സഹായിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

പദ്ധതി നടപ്പാക്കുന്ന കടക്കാര്‍ അവരുടെ കടകള്‍ക്കു മുന്നിലായി അതൊരു സുരക്ഷാ സ്റ്റോര്‍ ആണെന്ന ബോര്‍ഡു കൂടി സ്ഥാപിക്കണം. കൈ കഴുകേണ്ടത് അടക്കമുള്ള ശുചിത്വ ബോധവത്കരണ പോസ്റ്ററുകളും സ്ഥാപിക്കും. ഇതനുസരിച്ചുള്ള സൗകര്യങ്ങള്‍ സുരക്ഷാ സ്റ്റോറുകളില്‍ ഉടനെ സജ്ജീകരിക്കുകയും വേണം. മാസ്കുകള്‍, കൈയുറകള്‍ സാനിറ്റൈസറുകള്‍ ഉള്‍പ്പെടെയുള്ളവ കടകളില്‍ ലഭ്യമാക്കുകയും കടയുടമയ്ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും.

പദ്ധതി നടപ്പാക്കാന്‍ വമ്പന്‍ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താനാണു നീക്കം. ഇതോടെ സുരക്ഷയുടെ പേരില്‍ വന്‍കിട കുത്തകകള്‍ക്കു വലിയ തോതില്‍ ബിസിനസ് ലഭ്യമാകുമെന്നാണു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ഉപഭോക്തൃകാര്യ സെക്രട്ടറി പവന്‍ അഗര്‍വാള്‍ ഇതിനായി വന്‍കിട കമ്പനികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.