സംഗീതോപാസകനായ കുട്ടനാട്ടിലെ എയർ ഇന്ത്യാ ജീവനക്കാരൻ
Friday, March 13, 2020 9:13 PM IST
ന്യൂഡൽഹി: സംഗീതോപാസനയിലൂടെ വ്യോമയാന രംഗവുമായി ബന്ധപ്പെട്ട തൊഴിൽവേദികളിലും ഡൽഹിയിലെ കൂട്ടായ്മകളിലും ശ്രദ്ധേയനാവുകയാണ് എയർ ഇന്ത്യാ ജീവനക്കാരനായ കുട്ടനാട്ടിലെ കാവാലം സ്വദേശി സാജു കരുവിള.

2005 മുതൽ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗമായി പ്രവർത്തിക്കുന്ന സാജു, മികച്ച ഒരു വ്യക്തിത്വത്തിനുടമയാണെന്ന് മേലധികാരികൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015 ൽ യമനിൽ നിന്ന് 4500 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തിയ ഓപ്പറേഷൻ രാഹത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന സാജു. യുദ്ധ മേഖലയിലൂടെ പതിനൊന്നു ദിവസം നീണ്ടു നിന്ന അഗ്നിപരീക്ഷയിലൂടെ മുന്നേറിയ രക്ഷാദൗത്യം "ഓപ്പറേഷൻ രാഹത്ത്' എയർ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദൗത്യമായി അറിയപ്പെടുന്നു.

എയർഇന്ത്യയിൽ പ്രവർത്തിക്കുകവഴി നിരവധി സ്ഥലങ്ങളും രാജ്യങ്ങളും കാണാൻ ലഭിക്കുന്ന അവസരങ്ങൾ വലിയൊരനുഗ്രഹമായി സാജു കാണുന്നു. വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന യാത്രകളും ദക്ഷിണേന്ത്യയിൽ ജനിച്ച് ഡൽഹിയിൽ വളരാനിടയായ സാഹചര്യങ്ങളുമെല്ലാം വിവിധ സംസ്കാരങ്ങളുടെയും സംഗീതധാരകളുടെയും സ്വാംശീകരണത്തിനു തന്നെ ഏറെ സഹായിച്ചുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിവിധ തരം യാത്രക്കാരുമായി നിരന്തരം ഇടപഴകുന്ന തനിക്ക് ഒൗദ്യോഗിക ജീവിതത്തിലും സംഗീതം തുണയായി മാറുìവെന്നാണ് സാജുവിന്‍റെ സാക്ഷ്യം. "ദിൽസേ ഇന്ത്യൻ, ഹംഹേഎയർ ഇന്ത്യൻ' എന്ന എയർ ഇന്ത്യയുടെ മുദ്രാവാക്യം, സംഗീതോപാസനയിലൂടെ കൂടുതൽ തീക്ഷ്ണമായി പിന്തുടരാനുള്ള ശ്രമത്തിലാണിപ്പോൾ സാജു.

നല്ലൊരു സംഗീതാസ്വാദകനും ഗായകനുമാണ് സാജു. സാജു കുരുവിള എന്ന പേരിൽ യു ട്യൂബ് ചാനലിലും സജീവമാണ്.രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആസ്വാദകരിപ്പോൾ ഇദ്ദേഹത്തിന്‍റെ ചാനൽ പിന്തുടരുന്നു. ഡൽഹിയിലെ പാലം ഇൻഫന്‍റ് ജീസസ്‌ ഫൊറോനാ പള്ളിയിലെ ഗായകസംഘാംഗമായ സാജു ഭക്തിഗാന ശുശ്രൂഷാരംഗത്തും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഏതാനും ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഈ കാലഘട്ടത്തിന്‍റെ അനിവാര്യത ആയ മതസൗഹാർദ്ദവും സാമുദായിക ഐക്യവും തൊട്ടുണർത്തുന്ന ഗാനങ്ങൾ സ്കറിയ ജേക്കബിനൊപ്പം ഹിന്ദിയിൽ ആലപിച്ച "യേശുമേരേ പ്രഭു, ഓം ജയ ജഗദീശാഹരേ(ആരതി) എന്നീ ഗാനങ്ങൾ പുതിയൊ സംഗീത ധാരക്കു തുടക്കംകുറിച്ചവയാണ്.ഏകദേശം 50,000 പേർ അത് ശ്രവിച്ചുകഴിഞ്ഞു.

ഡൽഹിയിലെ ദ്വാരകയിൽ ഭാര്യ ബിൻസിക്കും മകൾ ജോവാനുമൊപ്പം താമസിക്കുന്ന സാജുവിന്‍റെ മാതാപിതാക്കൾ കേന്ദ്ര ഗവൺമെന്‍റ് ജീവനാക്കാരായിരുന്ന കുരുവിളയും ഡെയിസമ്മയുമാണ്.സഹോദരൻ എയർ ഇന്ത്യയിൽ തന്നെ ജോലിചെയ്യുന്നു

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്