സ്ത്രീധനം പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണം : നീമാ നൂർ മുഹമ്മദ്
Monday, February 24, 2020 6:36 PM IST
ന്യൂ ഡൽഹി : മാതാപിതാക്കൾ സ്ത്രീധനമായി തങ്ങളുടെ മകൾക്കു നൽകുന്ന സമ്പത്ത് അവരുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കിയാൽ അത് അവർക്കും രാജ്യത്തിനുതന്നെയും ഗുണകരമാകുമെന്നും ശ്രീനാരായണ ഗുരുദേവൻ വർഷങ്ങൾക്കു മുമ്പു പറഞ്ഞ കാര്യങ്ങൾ ഇന്ത്യ മുഴുവൻ പ്രാവർത്തികമാക്കാൻ കഴിയാതെ പോയതിന്‍റെ പരിണത ഫലമാണ് ഇപ്പോഴും പല സംസ്ഥാനങ്ങളിലെയും പിന്നോക്കാവസ്ഥക്കു കാരണമെന്നും ഡൽഹി സാകേത് മഹിളാ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ നീമാ നൂർ മുഹമ്മദ് . ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി "തീർഥാടന ലക്ഷ്യങ്ങളിൽ സ്ത്രീകൾ വിദ്യാഭ്യാസപരമായി ഉയരേണ്ട ആവശ്യകത' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അവർ.

ഗുരുവിന്‍റെ ദർശനങ്ങൾ തന്നിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയെന്നും ദേവാലയങ്ങൾ അറിവിന്‍റെ പള്ളിക്കൂടങ്ങളായി മാറ്റുവാൻ ഗുരു നിർദേശിച്ചത് ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും അതിനു തന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും നീമാ നൂർ മുഹമ്മദ് പറഞ്ഞു.

പ്രസിഡന്‍റ് ബീനാ ബാബുറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ജി. ശിവശങ്കരൻ, ജനറൽ സെക്രട്ടറി ശാന്തകുമാർ, എൻ. ജയദേവൻ, കെ. സുന്ദരേശൻ, കെ.എൻ. കുമാരൻ, എസ്. സതീശൻ, കെ.ദിവാകരൻ, ജി.തുളസീധരൻ, വി.കെ. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

ദൈവ ദശകാലാപനത്തോടെ ആരംഭിച്ച പരിപാടികളിൽ ഗുരുപൂജയും ഗുരു സങ്കീർത്തനവും ഉണ്ടായിരുന്നു. കേരളപ്പിറവി ദിനാഘോഷത്തിൽ പങ്കെടുത്ത കലാകാരികൾക്ക് ചsങ്ങിൽ പ്രശസ്തി പത്രവും നൽകി.

റിപ്പോർട്ട്: പി.എൻ. ഷാജി