ബര്‍ലിന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിച്ചത് 19,000 തൊഴിലവസരങ്ങള്‍
Saturday, February 15, 2020 9:35 PM IST
ബര്‍ലിന്‍: ജര്‍മനിയുടെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായാണ് ബര്‍ലിന്‍ അറിയപ്പെടുന്നത്. ഇതിനു ഏറ്റവും പുതിയ തെളിവായി പുതിയ പഠന റിപ്പോര്‍ട്ടു പുറത്തുവന്നു.

റിപ്പോര്‍ട്ടു പ്രകാരം ജര്‍മനിയില്‍ ജോലി ചെയ്യുന്നത് പതിനഞ്ച് ലക്ഷം ആളുകളാണ്. ഇതില്‍ 78,000 പേര്‍ക്കും സ്റ്റാര്‍ട്ടപ്പുകളിലാണ് ജോലി. അതായത്, ആകെ തൊഴിലാളികളില്‍ അഞ്ച് ശതമാനത്തിനു മുകളില്‍ ജോലി ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകളില്‍.

മൂവായിരം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളാണ് ഇപ്പോള്‍ ബര്‍ലിനില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം കൂടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സൃഷ്ടിച്ചത് 19,000 തൊഴിലവസരങ്ങള്‍. മേഖല അതിവേഗം വളര്‍ച്ച പ്രാപിക്കുന്നു എന്നതിനു തെളിവാണ്.

മേഖലയിലെ ആകെ തൊഴിലുകളില്‍ പകുതിയും ഏഴു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളവയും എഴുപതില്‍ താഴെ മാത്രം ആളുകള്‍ ജോലി ചെയ്യുന്നവയുമായ സ്ഥാപനങ്ങളിലാണ്. ആകെ ജോലികളില്‍ പതിനേഴ് ശതമാനം മാത്രമാണ് പത്ത് വലിയ സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്തിരിക്കുന്നത്.

സലാന്‍ഡോ, ഡെലിവറി ഹീറോ, എന്‍26, ഓട്ടോ1, ഹലോഫ്രഷ് എന്നിവയാണ് ഇവയില്‍ പ്രധാനം. എന്നാല്‍, സലാന്‍ഡോ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്ളാസിക് നിര്‍വചനത്തിനു പുറത്തു വന്നു കഴിഞ്ഞു. പ്രവര്‍ത്തനം തുടങ്ങി അഞ്ച് മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ടം അതിജീവിക്കാന്‍ കഴിഞ്ഞ സ്ഥാപനങ്ങളെ സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കാറില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ