ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെയിൽ വീണ്ടും മികച്ച അവസരം
Wednesday, November 6, 2019 9:54 PM IST
ലണ്ടൻ: നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടനിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും മികച്ച അവസരങ്ങളൊരുങ്ങുന്നു. ടയർ 4 വീസക്ക് ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളിൽ 96 ശതമാനം പേരുടെയും അപേക്ഷകൾ സ്വീകരിക്കപ്പെടുന്നതായാണ് ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാകുന്നത്.

യുകെ സർക്കാർ തിരിച്ചു കൊണ്ടു വന്ന പോസ്റ്റ് സ്റ്റഡ് വർക്ക് വീസ സ്കീമും ഇന്ത്യൻ വിദ്യാർഥികൾ മുന്പ് ഏറെ ഫലപ്രദമായി ഉപയോഗിച്ചിരുന്നതാണ്. പഠനത്തിനു ശേഷം രാജ്യത്ത് തുടരാനും ജോലി അന്വേഷിക്കാനും അവസരം നൽകുന്ന സ്കീമാണിത്. 2020-21 വർഷത്തിൽ ഇത് പൂർണ തോതിൽ നടപ്പാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഈ വർഷം ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച സ്റ്റാർട്ടപ്പ്, ഇന്നവേറ്റർ വീസ റൂട്ടുകളും ഇന്ത്യയിൽനിന്നുള്ള നവ വ്യവസായികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു.ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളാണ് ബ്രിട്ടനിൽ ഏറെയുള്ളത്. ഇവരുടെ കാര്യത്തിൽ 42 ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.മികച്ച വിദ്യാർഥികളുടെ കുറവ് അനുഭവപ്പെടുന്നുവെന്ന് രാജ്യത്തെ യൂണിവേഴ്സിറ്റികൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർക്കാരിന്‍റെ പുതിയ അനുമതി. അടുത്ത അധ്യയന വർഷം മുതലാണ് ഇത് നടപ്പിലാക്കുന്നത്..

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ