ജർമൻ കാലാവസ്ഥാ നിയമത്തിന് സർക്കാരിന്‍റെ അംഗീകാരം
Wednesday, October 16, 2019 9:27 PM IST
ബർലിൻ: ജർമനിയിൽ തയാറാക്കിയ കാലാവസ്ഥാ നിയമത്തിന്‍റെ കരടിന് സർക്കാർ അംഗീകാരം നൽകി. രാജ്യത്ത് ആദ്യമായാണ് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ലക്ഷ്യങ്ങൾ നിയമപരമായ ബാധ്യതയാക്കി മാറ്റുന്നതെന്ന് പരിസ്ഥിതി മന്ത്രി സ്വെൻജ ഷൂൾസ് പറഞ്ഞു.

അതേസമയം, നിയമത്തിൽ പരിസ്ഥിതിവാദികൾക്കും ശാസ്ത്രജ്ഞർക്കുമുള്ള അതൃപ്തി തുടരുകയും ചെയ്യുന്നു. തീർത്തും അപര്യാപ്തമാണ് ബില്ലിലെ വ്യവസ്ഥകൾ എന്നാണ് അവരുടെ ആരോപണം.

എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് മുന്നിൽ കാണുന്ന ലക്ഷ്യങ്ങൾ പുതിയ നിയമ നിർമാണത്തിലൂടെ സാക്ഷാത്കരിക്കാൻ ജർമനിക്കു സാധിക്കുമെന്നാണ് സ്വെൻജയുടെ അവകാശവാദം.

1990ലേതുമായി താരതമ്യം ചെയ്തുള്ള കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളൽ 2020ൽ 40 ശതമാനമായി കുറയ്ക്കുക എന്ന മുൻ ലക്ഷ്യം പരാജയപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായതാണ്. 2050ൽ കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ നിയമ നിർമാണം നടത്തുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ