കാലാവസ്ഥാ വ്യതിയാനത്തിനെതിരേ കടുത്ത പോരാട്ടത്തിനു ജർമനി
Saturday, September 21, 2019 9:19 PM IST
ബർലിൻ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ നേതൃത്വത്തിൽ തയാറാക്കിയിരിക്കുന്നത് നൂറു ബില്യൺ യൂറോയുടെ പദ്ധതി. 2030നുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ:

എണ്ണ, കൽക്കരി, വാതകം എന്നിവ കത്തിച്ച് ഉൗർജോത്പാദനം നടത്തുന്ന രീതി ഒഴിവാക്കും. കാർബണ്‍ പുറന്തള്ളൽ പരിമിതപ്പെടുത്തുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. പകരം പരിസ്ഥിതി സൗഹൃദമായ ഉൗർജോത്പാദനത്തിലേക്കു തിരിയും.

2030നുള്ളിൽ ഏഴു മില്യനും പത്തു മില്യനുമിടയിൽ ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കും. ഇവയ്ക്കായി ഒരു മില്യൺ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും.

ഹ്രസ്വദൂര വിമാന സർവീസുകൾ നിരുത്സാഹപ്പെടുത്തും. പകരം ട്രെയിൻ സർവീസുകൾ പ്രോത്സാഹിപ്പിക്കും. ഇതിനായി ഹ്രസ്വദൂര സർവീസുകൾക്ക് 2020 ജനുവരി മുതൽ അധിക നികുതി ഏർപ്പെടുത്തും. ട്രെയിൻ ടിക്കറ്റ് നിരക്ക് പത്തു ശതമാനം കുറയ്ക്കും.

എണ്ണ കത്തിച്ച് വീടിനുള്ളിൽ ചൂട് നൽകുന്ന സന്പ്രദായത്തിനു പകരം പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനുള്ള ചെലവിന്‍റെ നാൽപ്പതു ശതമാനം സർക്കാർ വഹിക്കും. 2026 മുതൽ എണ്ണ ഉപയോഗിച്ചുള്ള ചൂടാക്കൽ പൂർണമായി നിരോധിക്കും.

കാറ്റിൽനിന്നും സൂര്യപ്രകാശത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികൾ വ്യാപകമാക്കും. നിലവിൽ 38 ശതമാനമാണ് ഇവയിൽ നിന്നുള്ള ഉൗർജം ഉത്പാദിപ്പിക്കുന്നത്. ഇത് 65 ശതമാനമാക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ