സ്വിസ് ജനസംഖ്യ എട്ടര മില്യൺ കടന്നു
Friday, September 13, 2019 9:12 PM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ജനസംഖ്യ ചരിത്രത്തിലാദ്യമായി 85 ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 8,544,500 ആണ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനസംഖ്യ.

മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനമാണ് ജനസംഖ്യാ വളർച്ച. പത്തു വർഷത്തിനിടയിലെ ഏറ്റവും ചെറിയ ജനസംഖ്യാ വർധനവാണിത്. 1971 മുതൽ ആകെ 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്.

കാന്‍റനുകളെ പ്രത്യേകമായി പരിഗണിച്ചാൽ ഫ്രീബർഗിലാണ് ഏറ്റവും വലിയ വളർച്ച, 1.2 ശതമാനം. ആർഗൗ, സഗ്, സൂറിച്ച് എന്നിവിടങ്ങളിൽ 1.1 ശതമാനം വീതം. അതേസമയം, ന്യൂചാറ്റലിൽ 0.6 ശതമാനവും ടിസിനോയിൽ 0.1 ശതമാനവും കുറവാണ് ജനസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്താകെ താമസിക്കുന്ന വിദേശികളുടെ എണ്ണം 2,148,300 ആണ്. ആകെ ജനസംഖ്യയുടെ 25.1 ശതമാനം വരും ഇവർ. മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം കൂടിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ