സൗത്ത് ആഫ്രിക്കയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു
Wednesday, July 4, 2018 11:18 PM IST
പ്രിറ്റോറിയ: സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ പ്രിറ്റോറിയയിൽ സീറോ മലബാർ സമൂഹം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു. ജൂണ്‍ 30ന് ഉച്ചകഴിഞ്ഞു മൂന്നിന് ലോഡിയം സെന്‍റ് തോമസ് ദ അപ്പോസ്റ്റൽ കത്തോലിക്കാ പള്ളിയിൽ തിരുനാളിനു തുടക്കം കുറിച്ച് പ്രിറ്റോറിയ ആർച്ച് ബിഷപ് വില്യം സ്ലാറ്ററി കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു വിശുദ്ധ കുർബാന അർപ്പിച്ചു.

ജൂലൈ ഒന്നിനു നടന്ന തിരുനാൾ റാസ കുർബാനക്ക് സീറോ മലബാർ സഭ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ആൽബിൻ പോൾ നല്ലക്കുറ്റ് കാർമികത്വം വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഭാദിന സന്ദേശവും സീറോ മലബാർ സഭ മൈഗ്രന്‍റ്സ് കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ ആശംസ സന്ദേശങ്ങളും വായിച്ചു. തുടർന്നു പ്രദക്ഷിണവും പൊതുയോഗവും നേർച്ചവിതരണം നടന്നു.

തിരുനാളിന് കൈക്കാര·ാരായ ടോമി മാത്യു തേവലക്കാട്ട്, ജിറ്റോ ഏബ്രഹാം ആര്യാചാലിൽ, തിരുനാൾ പ്രസുദേന്തിമാരായ ഡോണ്‍ കുര്യൻ പുതുശേരി, സാന്‍റീഷ് ഫിലിപ്പ് ആനിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ മൂന്നു വർഷങ്ങളായി എല്ലാ ഞായറാഴ്ചയും രാവിലെ 10.30ന് സീറോ മലബാർ റീത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്. തുടർന്നു കുട്ടികളുടെ വിശ്വാസ പരിശീലനവും നടക്കുന്നു. സൗത്ത് ആഫ്രിക്കയിൽ സീറോ മലബാർ സഭക്ക് പ്രിറ്റോറി (സെന്‍റ് തോമസ് യൂണിറ്റ്), ജോഹന്നസ്ബർഗ് (സെന്‍റ് മേരീസ് യൂണിറ്റ്), കിംബെർലി (സെന്‍റ് അൽഫോൻസ), പീറ്റർ മാരിസ് ബർഗ് (സെന്‍റ് ജോസഫ് യൂണിറ്റ്) എന്നീ ഇടവക സമൂഹങ്ങളാണുള്ളത്.