ഓണാഘോഷം സംഘടിപ്പിച്ച് കേളി അഫ്ലാജ് യൂണിറ്റ്
Wednesday, September 17, 2025 3:36 PM IST
അൽഖർജ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ "മഴവില്ല് 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വിവിധ തരം ഓണകളികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മുഹമ്മദ് രാജ ഉദ്ഘാടനം ചെയ്തു.
ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. കാസിം, നൗഷാദ്, രവീന്ദ്രൻ, എൻ. സതീശൻ, വി.ടി. ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ നന്ദി പറഞ്ഞു.
കസേരക്കളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടിക്കളി, സൂചിയിൽ നൂൽകോർക്കൽ, ബോൾ പാസിംഗ്, മിഠായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
മത്സരവിജയികൾക്ക് സാംസ്കാരിക സമ്മേളനത്തിൽ വച്ച് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.