ദിനകരന് സാന്ത്വനമേകി സ്നേഹസ്പർശം പൊതുകൂട്ടായ്മ
Tuesday, September 9, 2025 4:35 PM IST
റിയാദ്: ബദിയയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കൊല്ലം പരവൂർ സ്വദേശിയായ ദിനകരന് സാന്ത്വനമായി കേളി "സ്നേഹസ്പർശം' പൊതുകൂട്ടായ്മ. 31 വർഷത്തോളം പ്രവാസജീവിതം നയിച്ച ദിനകരൻ അഞ്ച് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ദീർഘകാലം നിർമാണ മേഖലയിൽ ജോലി ചെയ്ത് അദ്ദേഹം തൊഴിൽ പ്രതിസന്ധി കാരണമാണ് പ്രവാസി ജീവിതം അവസാനിപ്പിച്ചത്. പ്രമേഹവും അനുബന്ധ അസുഖങ്ങളും മൂലം ദുരിതം അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കാലിന്റെ വിരൽ അടുത്തിടെ മുറിച്ചു മാറ്റേണ്ടിവന്നു.
പ്രവാസിയായിരിക്കെ കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. കേളി ബദിയ ഏരിയ കമ്മിറ്റി അഭ്യർഥിച്ചതിനെ തുടർന്ന് "സ്നേഹസ്പർശം' പൊതുഗ്രൂപ്പിലൂടെ സമാഹരിച്ച ചികിത്സാ സഹായം ദിനകരന് കൈമാറി.
പരവൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. സേതുമാധവനിൽ നിന്നും സഹായം ഏറ്റുവാങ്ങി.
കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയ പ്രസിഡന്റും കേളിയുടെ ആദ്യകാല പ്രവർത്തകനുമായ സന്തോഷ് മാനവം അധ്യക്ഷനായി.
ചാത്തന്നൂർ കോർപ്പറേഷൻ കൗൺസിലർ എ. ദസ്തകീർ, ശ്രീലാൽ, യാക്കൂബ്, വിജയകുമാരക്കുറുപ്പ്, വിനോദ്, സജീവ് എന്നിവർ പങ്കെടുത്തു.