അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷൻ
Tuesday, September 9, 2025 3:22 PM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ എല്ലാ വർഷവും "കെപിഎ പൊന്നോണം 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനൊരുങ്ങുന്നു.
സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 24 വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ, കെപിഎയുടെ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പവിഴദ്വീപിലെ വിവിധ പ്രദേശങ്ങളിലായി ഘട്ടംഘട്ടമായി നടത്തപ്പെടും.
പ്രവാസി മലയാളികൾക്ക് ഓണത്തിന്റെ തനിമയും നാട്ടിന്റെ ഓർമകളും പകർന്നു നൽകുന്ന അനുഭവമായി മാറുവാൻ വേണ്ടി ഓരോ ഏരിയകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ, തിരുവാതിര, പുലികളി, വടംവലി തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങളും കേരളത്തിന്റെ സമ്പന്നമായ സംസ്കാരപാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം, കെപിഎയിലെ എല്ലാ കുടുംബാംഗങ്ങൾക്കും പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കാനുമാണ് സംഘടന ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.