ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരും : പി.പി.മുഹമ്മദ് റാഫി
അനിൽ സി. ഇടിക്കുള
Friday, September 12, 2025 7:03 AM IST
അബുദാബി : ഇരുപത് ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജ് അടുത്ത വർഷം മുതൽ നിലവിൽ വരുമെന്ന് കേരള ഹജ്ജ് കമ്മറ്റി അംഗം പി.പി.മുഹമ്മദ് റാഫി അറിയിച്ചു. ഹൃസ്വ സന്ദർശനാർഥം യുഎഇയിൽ എത്തിയ മുഹമ്മദ് റാഫി അബുദാബിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ പാക്കേജ് എടുക്കുന്നതിൽ താൽപര്യമുള്ളവർ അപേക്ഷാ സമർപ്പണ വേളയിൽ തന്നെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഷോർട്ട് ഹജ്ജ് പാക്കേജ് ഒപ്ഷൻ തെരഞ്ഞെടുക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരും പ്രായമായവരും ഉൾപ്പടെ ദീർഘ ദിവസ യാത്രക്ക് ബുദ്ധിമുട്ടുള്ള തീർഥാടകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പുതിയ പാക്കേജ് പ്രഫഷണലുകൾക്കും ഏറെ പ്രയോജനമാവും. കേരളത്തിൽ കൊച്ചിയിൽ നിന്നും മാത്രമാണ് പുതിയ ഹജ്ജ് പാക്കേജ് അനുസരിച്ചുള്ള യാത്രക്ക് അവസരമുള്ളതു.
2026 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ നിന്നുമുള്ള തെരഞ്ഞടുപ്പിൽ കേരളത്തിൽ നിന്നും 8530 പേർ തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് നിബന്ധന അനുസരിച്ച് പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തെരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45നും 65നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു.
2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ഓഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും പണമടക്കാവുന്നതാണ്. പണമടച്ച രസീത് , വൈദ്യ പരിശോധന ഫലം തുടങ്ങിയവയും അനുബന്ധരേഖകളൂം 2025 ഓഗസ്റ്റ് 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി നൽകുന്നതിനും സൗകര്യമുണ്ട്.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പൂം കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കുന്നതുമാണ്.
ഏറ്റവും കൂടുതൽ അപേക്ഷകർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്. 2643 പേർ. രണ്ടാമത് കോഴിക്കോട് 1340 പേർ. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിൽ നിന്നുമാണ് 38 പേർ.
ഓൺലൈനിൽ സമർപ്പിച്ച പാസ്പോർട്ടിലെ അവ്യക്തത കാരണം മുൻ വർഷങ്ങളിൽ ചില തീർത്ഥാടകർക്ക് വിസ ഇഷ്യൂ ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സംവിധാനം വന്നതോടെ അത്തരം സാങ്കേതിക പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കാനാവും.
സഊദി അറേബ്യയിൽ താമസ സ്ഥലത്ത് കാറ്ററിങ്ങ് കമ്പനികൾ മുഖേന ഭക്ഷണം ലഭ്യമാവുന്നതിനുള്ള പ്രത്യേക സൗകര്യവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടന യാത്രയിലും സൗദി അറേബ്യയിലെ സൗകര്യങ്ങളിലും അടുത്ത തവണ കാതലായ മാറ്റങ്ങൾ വരുത്താൻ പദ്ധതിയുള്ളതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ , സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച വേളയിൽ അറിയിച്ചിരുന്നു. 2025 ലെ ഹജ്ജ് തീർത്ഥാടകരിൽ നിന്നും ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പ്രത്യേകമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ചിരുന്നു. ഇതിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാവും അടുത്ത തവണ സൗകര്യങ്ങളിൽ മാറ്റം വരുത്തുക.
സംസ്ഥാനത്ത് നിന്നും ഇത്തവണയും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. (കോഴിക്കോട്, കൊച്ചി, കണ്ണൂർ). 2023 മുതൽ കേരളത്തിൽ നിന്നും മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയൂം ഹജ്ജ് ക്യാമ്പിനുമായി എല്ലാ സംവിധാനങ്ങളൂം ഒരുക്കാറുണ്ട്. അപേക്ഷകളിൽ വളരെ കുറഞ്ഞ എണ്ണം അപേക്ഷകർ മാത്രമെ കോഴിക്കോട് വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളൂ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ഹജ്ജ് കമ്മിറ്റിയും ഇക്കാര്യം പ്രത്യേകം ഗൗരവത്തിലെടുത്ത് ചർച്ച ചെയ്യുകയും കരിപ്പൂർ വഴി പുറപ്പെടുന്നവരിൽ നിന്നും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈടാക്കി വരുന്ന അമിത വിമാന നിരക്ക് അടുത്ത വർഷം ഇല്ലാതിരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇടപെടൽ നടത്തി വരികയുമാണ്. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് പ്രത്യേക സർവ്വീസ് അനുമതി നൽകിയും കുടുതൽ എയർലൈൻസ് കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിയും വ്യോമയാന മന്ത്രാലായം പ്രത്യേക ഇടപെടൽ നടത്തിക്കൊണ്ട് ഈ പ്രതിസന്ധി ഒഴിവാക്കേണ്ടതുണ്ടെന്ന് പി.പി.മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു .
അനിൽ സി ഇടിക്കുള