ബെൽവിൽ സെന്റ് കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിൽ സംയുക്ത തിരുനാളാഘോഷം
ജോമോൻ ജോയ്
Saturday, August 9, 2025 12:58 PM IST
ബെൽവിൽ(കാനഡ): സെന്റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഈ മാസം 15 മുതൽ 17 വരെ ആചരിക്കും. 15ന് വൈകുന്നേരം 6.30ന് ആരംഭിക്കുന്ന തിരുനാൾ ആഘോഷത്തിൽ ആരാധന, വിശുദ്ധ കുർബാന, നേർച്ച വിഭവ വിതരണങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം 6.30ന് വിശുദ്ധ കുർബാനയും രൂപം വെഞ്ചിരിപ്പും തിരുനാൾ കൊടിയേറ്റവും പൂർവികരുടെ അനുസ്മരണവും നടത്തപ്പെടും. പ്രധാന തിരുനാൾ 17ന് വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ചയോടുകൂടി തിരുകർമങ്ങൾ ആരംഭിക്കും.
തുടർന്ന് തിരുനാൾ സമൂഹബലിയും തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് സികെ ബീറ്റ്സ് ചാത്തം നയിക്കുന്ന ശിങ്കാരിമേളം ആഘോഷത്തിന്റെ താളം ഉയർത്തും.
പ്രത്യേക ആകർഷണമായി, ഇടവകാംഗങ്ങൾ തയാറാക്കിയ ഫുഡ് ട്രക്ക് വ്യത്യസ്ത വിഭവങ്ങളാൽ ഭക്തജനത്തിന് രുചിപുരസരമായ അനുഭവം നൽകും.