വാഷിംഗ്ടൺ: കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. അമേരിക്കയിൽ ചിപ്പ് നിർമിക്കുന്ന കമ്പനികളെ ഈ നികുതിയിൽനിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

രാജ്യത്ത് ഉൽപാദനം വർധിപ്പിക്കാനാണ് ഈ നീക്കം. കോവിഡ് മഹാമാരിയുടെ സമയത്ത് ചിപ്പുകളുടെ ക്ഷാമം കാരണം വാഹനങ്ങളുടെ വില വർധിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്തിരുന്നു.


പുതിയ നികുതി കമ്പനികളുടെ ലാഭം കുറയ്ക്കാനും ഉൽപന്നങ്ങളുടെ വില ഉയർത്താനും ഇടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, യുഎസിൽ ചിപ്പ് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ പ്രസിഡന്‍റ് ജോ ബൈഡൻ 50 ബില്യൺ ഡോളറിലധികം ധനസഹായം നൽകുന്ന‘ചിപ്സ് ആൻഡ് സയൻസ് ആക്ട്’ എന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ട്രംപ് ഇതിന് എതിരാണ്.